നെടുങ്കണ്ടം: തെരുവ് നായ ആക്രമണത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ ശ്രമിച്ച അമ്മയ്ക്ക് പരിക്ക്. ചേമ്പളം കിഴക്കേനകത്ത് റീജയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ചൊവാഴ്ച വൈകിട്ടായിരുന്നു സംഭവം. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ റീജ രാത്രി തന്നെ വീട്ടിലേക്ക് മടങ്ങി. അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇന്നലെയും റീജ നെടുങ്കണ്ടം താലൂക്കാശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തെക്കുറിച്ച് റീജ പറയുന്നതിങ്ങനെ. ചൊവാഴ്ച വൈകിട്ട് സമീപത്തെ വീട്ടിലേക്ക് പോയിരുന്നു. പിന്നീട് മക്കൾക്കൊപ്പം തിരികെ വരുന്നതിനിടെ മറ്റൊരു പുരയിടത്തിൽ നിന്ന് കുരച്ചുകൊണ്ട് തെരുവ് നായ ചാടിയെത്തി. മക്കളായ ആൽബർട്ട് (10), അർഷിത(13), ആൽജോ (ഏഴ്) എന്നിവരും ഒപ്പമുണ്ടായിരുന്നു. കുട്ടികളെ ലക്ഷ്യമിട്ടാണ് തെരുവ് നായ വരുന്നതെന്ന് കണ്ടതോടെ മുന്നോട്ട് കയറി നിന്നു. നായ കാലിൽ കടിച്ച് പരിക്കേൽപ്പിച്ചു. ബഹളം വെച്ചതോടെ നായ ഓടിപോയി. റീജയെ തെരുവ് നായ ആക്രമിക്കുന്നത് കണ്ട് കുട്ടികളും ഭയപ്പെട്ടു. സമീപവാസികൾ ചേർന്ന് റീജയെ ആശുപത്രിയിലാക്കി. ഇന്നലെ രാവിലെയും പ്രദേശത്ത് സ്‌കൂളിൽ പോകാനിറങ്ങിയ വിദ്യാർത്ഥികളെ തെരുവ് നായ ആക്രമിക്കുന്ന സംഭവമുണ്ടായി. ഭാഗ്യത്തിനാണ് കുട്ടികൾ കടിയേൽക്കാതെ രക്ഷപെട്ടെതെന്ന് നാട്ടുകാരും പറയുന്നു. സമീപകാലത്ത് ചേമ്പളം മേഖലയിൽ 4 പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.