
264 കോടി രൂപ ചെലവഴിച്ച് ഏഴ് കിലോമീറ്റർ റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ പാലവും നിർമ്മിച്ച ശബരി റെയിൽ പദ്ധതി കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും ട്രാക്കിലായിട്ടില്ല. ഈ സമയം ശബരിമലയാത്ര എളുപ്പത്തിലാക്കാനെന്ന പേരിൽ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരൻ റെയിൽവേ ബോർഡിന് പുതിയ നിർദേശം സമർപ്പിച്ചത് നിലവിലെ പദ്ധതി അട്ടിമറിക്കാനാണെന്നാണ് ശബരി റെയിൽ ആക്ഷൻ കൗൺസിലിന്റെ ആക്ഷേപം. ചെങ്ങന്നൂരിൽ നിന്ന് പമ്പാനദിയുടെ തെക്കുഭാഗത്തു കൂടിയാണ് 70 കിലോമീറ്റർ ദൈർഘ്യമുള്ള പാത നിർമ്മിക്കാൻ ആലോചിക്കുന്നത്. പരിസ്ഥിതി ദുർബല മേഖലയായ പമ്പാനദിയിലും പെരിയാർ കടുവാ സങ്കേതത്തിലൂടെയും തൂണുകൾ നിർമ്മിച്ചാണ് ചെങ്ങന്നൂരിൽ നിന്ന് ഹൈസ്പീഡ് പാത ഒരുക്കേണ്ടത്. വർഷത്തിൽ ആറുമാസം മാത്രം പ്രവർത്തിക്കുന്ന ഈ റെയിൽപാതയ്ക്ക് 13,000 കോടി രൂപ വേണ്ടിവരുമെന്നാണ് പറയുന്നത്. 3500 കോടി രൂപയുടെ അങ്കമാലി- ശബരി റെയിൽവേ പദ്ധതി ഉപേക്ഷിച്ച് പരിസ്ഥിതി ദുർബല മേഖലയായ പമ്പാനദിയിലൂടെയും പെരിയാർ കടുവാ സങ്കേതത്തിലൂടെയും ചെങ്ങന്നൂരിൽ നിന്ന് റെയിൽപാത നിർമ്മിക്കാൻ 13,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതിന് പിന്നിൽ കേരളത്തിലെ റെയിൽവേ വികസനത്തെ തന്നെ അട്ടിമറിക്കാനുള്ള സ്ഥാപിത താത്പര്യമാണെന്നാണ് ആക്ഷേപം. സിൽവർ ലൈൻ പ്രോജക്ടിന്റെ ന്യൂനതകളിൽ ഒന്നായി പറഞ്ഞിരുന്ന പരിസ്ഥിതി ആഘാതം നദിയിലൂടെയും കടുവാ സങ്കേതമായ വനത്തിലൂടെയും റെയിൽവേ ലൈൻ നിർമ്മിക്കുമ്പോൾ ഇല്ലാത്തത് ദുരൂഹമാണ്. കടുവാ സങ്കേതത്തിന് 10 കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആണെന്ന് പറഞ്ഞാണ് അഴുത വരെ നിർമ്മിക്കാൻ അനുമതി ഉണ്ടായിരുന്ന അങ്കമാലി- ശബരി റെയിൽവേ എരുമേലി വരെയാക്കി ചുരുക്കിയതെങ്കിൽ ചെങ്ങന്നൂരിൽ നിന്ന് കടുവാ സങ്കേതത്തിൽ കൂടി റെയിൽവേ നിർമ്മിക്കണമെന്ന നിർദേശം പരിഹാസ്യമാണ്.
അങ്കമാലി- ശബരി റെയിൽവേയ്ക്കായി 22 വർഷം മുമ്പ് കല്ലിട്ട് തിരിച്ച അങ്കമാലി മുതൽ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലങ്ങളുടെ ഉടമകൾ സ്ഥലം വിൽക്കാനോ, വീട് നിർമ്മിക്കാനോ, സ്ഥലം ഈട് വെച്ചു വായ്പ എടുക്കാനോ കഴിയാതെ കഷ്ടപ്പെടുമ്പോഴാണ് നാലിരട്ടി ഫണ്ട് ആവശ്യമുള്ളതും ഒരിക്കലും ലാഭകരമാകാത്തതുമായ ബദൽ പദ്ധതിയ്ക്ക് സർവേ നടത്തുമെന്ന് പറഞ്ഞ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.
ശബരി പദ്ധതി ഉപേക്ഷിച്ചിട്ടില്ല
1998ൽ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി കേരളത്തിന് അനുവദിച്ചതാണ് അങ്കമാലി- ശബരി റെയിൽവേ പദ്ധതി. 116 കിലോ മീറ്രർ ദൈർഘ്യമുള്ള അങ്കമാലി ശബരിമല റെയിൽ പദ്ധതിയുടെ എസ്റ്റിമേറ്റ് തുക അന്ന് 550 കോടി രൂപയായിരുന്നു. പെരിയാർ ടൈഗർ റിസർവിലൂടെ കടന്നുപോകേണ്ടതിനാൽ സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം അഞ്ച് കിലോമീറ്റർ കുറച്ച് പാത എരുമേലി വരെയാക്കി. 2002ൽ അങ്കമാലി മുതൽ രാമപുരം വരെയുള്ള 70 കിലോമീറ്റർ ദൂരത്തിന്റെ ഫൈനൽ ലൊക്കേഷൻ സർവേ പൂർത്തിയായി. സ്ഥലമേറ്റെടുപ്പിനെതിരെ ചിലർ കോടതിയെ സമീപിച്ചതും സംസ്ഥാന സർക്കാരിന്റെ നിസഹകരണവും കാരണം പദ്ധതി പിന്നീട് മുന്നോട്ടുപോയില്ല. ഏഴുകിലോമീറ്റർ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ പെരിയാർ പാലവും പണിതശേഷമാണ് ശബരി പദ്ധതി നിലച്ചത്. 2016ൽ നരേന്ദ്രമോദി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്ന പ്രഗതി പ്ലാറ്റ് ഫോമിൽ പദ്ധതി ഉൾപ്പെടുത്തി. പദ്ധതിതുക 550 കോടിയിൽ നിന്ന് 2017 ആയപ്പോഴേക്കും 2815 കോടി രൂപയായി ഉയർന്നു. ഇതോടെ പുതുക്കിയ പദ്ധതി തുകയുടെ അമ്പത് ശതമാനം സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. മുഴുവൻ തുകയും കേന്ദ്രം തന്നെ വഹിക്കണമെന്ന നിലപാടിൽ കേരളവും ഉറച്ചുനിന്നു. ഒടുവിൽ നിർമ്മാണ ചെലവ് പങ്കുവെയ്ക്കുന്നതിന് 2021 ജനുവരിയിൽ സംസ്ഥാന മന്ത്രിസഭ തീരുമാനമെടുത്തു. സംസ്ഥാന ബജറ്റിൽ 2000 കോടി രൂപ അനുവദിക്കുകയും ചെയ്തു. 111 കിലോമീറ്റർ ദൈർഘ്യമുള്ള എരുമേലി വരെയുള്ള ഒന്നാം ഘട്ടത്തിലെ ഫൈനൽ ലൊക്കേഷൻ സർവേ നടത്തി തയ്യാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് കേന്ദ്ര സർക്കാരിന്റെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ പി.എം ഗതിശക്തിയിൽ ഉൾപെടുത്തി അനുമതി നൽകാൻ റെയിൽവേ ബോർഡ് പരിശോധിക്കുകയാണ്. കോട്ടയം ജില്ലയിൽ ഏറ്റെടുക്കേണ്ട സ്ഥലങ്ങൾ കുറച്ച് പകരം കൂടുതൽ ടണലുകൾ ഉൾപ്പെടുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം 3456 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്.
വികസന
സ്വപ്നപദ്ധതി
എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലൂടെ (അങ്കമാലിയിൽ നിന്ന് എരുമേലി, പുനലൂർ വഴി തിരുവനന്തപുരത്തേയ്ക്ക്)പോകുന്ന റെയിൽപാതകളുടെ ഒന്നാം ഘട്ടമാണ് അങ്കമാലി- എരുമേലി ശബരി റെയിൽവേ പദ്ധതി. പദ്ധതി വഴി തെക്കൻ കേരളത്തിലെ 25 പട്ടണങ്ങൾക്ക് റെയിൽവേ സ്റ്റേഷനുകൾ ലഭ്യമാകും. ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലേക്കും ഭാരതത്തിലെ മതമൈത്രിയുടെ കേന്ദ്രസ്ഥാനമായ വാവരു സ്വാമിയുടെ എരുമേലിയിലേക്കും പ്രമുഖ ക്രിസ്ത്യൻ പുണ്യകേന്ദ്രമായ ഭരണങ്ങാനത്തേക്കും ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയിലേക്കും വടക്കൻ കേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നും മദ്ധ്യകേരളത്തിൽ നിന്നും കൊല്ലം- പുനലൂർ- ചെങ്കോട്ട റെയിൽവേ വഴി തമിഴ്നാട്ടിൽ നിന്നും തീർത്ഥാടകർക്ക് എത്തി ചേരാൻ സഹായകരമായ പദ്ധതിയാണിത്. കാലടിയിലെ അരി സംസ്‌കരണ വ്യവസായം, പെരുമ്പാവൂരിലെ പ്ളൈവുഡ് വ്യവസായം, കോതമംഗലം നെല്ലിക്കുഴിയിലെ ഫർണീച്ചർ വ്യവസായം, മൂവാറ്റുപുഴ വാഴക്കുളത്തെ പൈനാപ്പിൾ വ്യാപാരം, തൊടുപുഴയിലെ കിൻഫ്രയുടെ സ്‌പൈസസ് പാർക്ക് വ്യവസായ യൂണിറ്റുകൾ എന്നിവയുടെ വളർച്ചയ്ക്കും അങ്കമാലി- ശബരി റെയിൽവേ അനിവാര്യമാണ്. പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, ഭൂതത്താൻകെട്ട്, തൊമ്മൻകുത്ത്, മലങ്കര ഡാം, ഇലവീഴാപൂഞ്ചിറ, ഇടുക്കി ആർച്ച് ഡാം, വാഗമൺ, കുട്ടിക്കാനം, തേക്കടി എന്നിവിടങ്ങളിലെയ്ക്കുള്ള വിനോദ സഞ്ചാരികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും അങ്കമാലി- ശബരി റെയിൽവേ സഹായകരമാണ്. കാർഷിക വിളകളായ റബർ, കുരുമുളക്, ഏലം എന്നിവയുടെ വിപണനത്തിനും പദ്ധതി പ്രയോജനകരമാണ്.