ശാന്തമ്പാറ: കള്ളിപ്പാറയിലെ നീലവസന്തം കാണാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ദിവസവും അഞ്ച് കിലോ മീറ്ററിലേറെയാണ് ഗതാഗതം നിശ്ചലമാകുന്നത്. മൂന്നാർ- കുമളി സംസ്ഥാന പാതയിൽ കള്ളിപ്പാറയിൽ നിന്നും ഒന്നര കി. മീറ്ററോളം അകലെ എൻജിനിയർമെട്ട് എന്നറിയപ്പെടുന്ന കള്ളിപ്പാറ മലനിരകളിലാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂവിട്ടത്. ഇതുകാണാൻ നാടിന്റെ നാനാ മേഖലയിൽനിന്ന് ആയിരങ്ങളാണ് എത്തുന്നത്. രാജാപ്പാറ മുതൽ ചതുരംഗപ്പാറ വരെ അഞ്ച് കി. മീറ്റർ വാഹനങ്ങളുടെ നീണ്ടനിര മാത്രമല്ല, തോന്നിയപോലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. സ്ഥിരം സർവീസ് നടത്തുന്ന ബസുകൾ ഇടയ്ക്കുവച്ച് സർവീസുകൾ നിർത്തുന്നു. നെടുങ്കണ്ടത്തേക്ക് പോകേണ്ട ബസുകൾ ശാന്തൻപാറയിലോ ഉടുമ്പൻചോലയിലോ വച്ച് സർവീസ് അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. ശാന്തൻപാറ, ഉടുമ്പൻചോല സ്റ്റേഷനുകളിലെ പരിമിതമായുള്ള പൊലീസുകാർ നന്നേ വിഷമിക്കുന്നുണ്ട്. കുറിഞ്ഞി കാണാനെത്തുന്നവർ റോഡിന്റെ ഒരു ഭാഗത്ത് വാഹനങ്ങൾ നിറുത്തിയ ശേഷമാണ് മല കയറുന്നത്. പിന്നീട് വരുന്നവരും ഇതുതന്നെ ചെയ്യുന്നു. അപ്പോൾ വാഹനങ്ങൾ അടുക്കായി റോഡിലാകുന്നു. ഇവർ മടങ്ങുന്നത് മണിക്കൂറുകൾക്ക് ശേഷമാണ്. ഗതാഗതം മണിക്കൂറുകൾ നിലയ്ക്കുന്നതിനാൽ സന്ദർശിക്കുന്നവർക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അപ്രതീക്ഷിതമായുള്ള തിരക്കിനാൽ സന്ദർശകർക്കാവശ്യമായ സൗകര്യങ്ങളൊന്നും ഒരുക്കാൻ അധികൃതർക്കായതുമില്ല. സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചതോടെ സുരക്ഷ നിർദേശങ്ങൾ കർശനമായി നടപ്പാക്കാനാണ് ശ്രമം. പ്ലാസ്റ്റിക് വസ്തുക്കൾക്ക് നിരോധനവുമുണ്ട്. ഇതുവരെ ഒരു ലക്ഷത്തോളം പേർ ഇവിടെയെത്തിയെന്നാണ് വിവരം.

പ്രവേശനം ആറ് മുതൽ നാല് വരെ

നീലക്കുറിഞ്ഞി കാണാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് നിയന്ത്രണമേർപ്പെടുത്തി. പ്രവേശന സമയം രാവിലെ ആറ് മുതൽ വൈകിട്ട് നാല് വരെയാക്കി. സന്ദർശകർ മെയിൻ ഗേറ്റ് വഴി മാത്രം കയറുകയും ഇറങ്ങുകയും ചെയ്യണം. നീലക്കുറിഞ്ഞി പൂക്കൾ പറിക്കുന്നത് ശിക്ഷാർഹമാണ്. വിനോദ സഞ്ചാരികൾ യാതൊരുകാരണവശാലും പ്ലാസ്റ്റിക്ക് കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും വലിച്ചെറിയാതെ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം. 22, 23, 24 തീയതികളിൽ മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്ന് വരുന്ന വിനോദ സഞ്ചാരികളുടെ ബസുകളും ട്രാവലറുകളും പൂപ്പാറ ജംഗ്ഷനിൽ നിറുത്തി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളിൽ സന്ദർശന സ്ഥലത്തേക്ക് പോകണം. ഇതേ വാഹനത്തിൽ തിരികെ പൂപ്പാറ ജംഗ്ഷനിലേക്കും പോകണം. ഈ ദിവസങ്ങളിൽ കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകളും ട്രാവലറുകളും ഉടുമ്പൻചോല ജംഷനിൽ നിറുത്തി ഫീഡർ ബസുകളിൽ പോകണം മൂന്നാർ, അടിമാലി, ബോഡിമെട്ട് ഭാഗങ്ങളിൽ നിന്ന് നെടുംകണ്ടം ഭാഗത്തേക്ക് പോകേണ്ട വിനോദ സഞ്ചാരികളല്ലാത്തവർ പൂപ്പാറ, മുരിക്കുതൊട്ടി, സേനാപതി, വട്ടപ്പാറ വഴി പോകണം.

കുമളി, കട്ടപ്പന, നെടുംകണ്ടം ഭാഗങ്ങളിൽ നിന്ന് പൂപ്പാറ ഭാഗത്തേക്ക് വരുന്ന സഞ്ചാരികളല്ലാത്തവർ ഉടുമ്പൻചോല, വട്ടപ്പാറ, സേനാപതി വഴി പോകണം. നീലക്കുറിഞ്ഞി സന്ദർശിക്കുന്ന വിനോദ സഞ്ചാരികളുടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടുന്ന എല്ലാ ചെറിയ വാഹനങ്ങളും പൊലീസിന്റെ നിർദ്ദേശാനുസരണം പാർക്ക് ചെയ്യണം.