വണ്ടിപ്പെരിയാർ: ഗവ.യുപി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷാചരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ മന്ത്രിസഭയുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് കെട്ടിട നിർമ്മാണത്തിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
എംഎൽഎ ഫണ്ട് ഉപയോഗിച്ച് ബെഞ്ചും ഡസ്‌ക്കും നൽകുന്ന പദ്ധതി, കുട്ടികൾക്കായി ഡൈനിങ് ഹാൾ ഒരുക്കുന്ന പഞ്ചായത്തിന്റെ പദ്ധതി,പ്ലാസ്റ്റിക് വിരുദ്ധ കാമ്പയിൻ / പെരിയാർ നദിയുടെ ജീവൻ വീണ്ടെടുക്കൽ പദ്ധതികൾ, തൊഴിൽ വൈദഗ്ദ്ധ പരിശീലന കേന്ദ്രം (എസ്.എം.സി.) ലഹരി മുക്ത രക്ഷകർത്താക്കൾ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും ചടങ്ങിൽ മന്ത്രി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഏഴു ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് സ്‌കൂളിൽ ശൗചാലയം നിർമ്മിക്കുന്നതിന്റെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.
വാഴൂർ സോമൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്, ജില്ലാ പഞ്ചായത്തം കെ ടി ബിനു, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ, ബ്ലോക്ക് പഞ്ചായത്തംഗം ആർ സെൽവത്തായി, പീരുമേട് എ ഇ ഓ എം രമേശ്, പിടിഎ പ്രസിഡന്റ് സബീർ ഹസനാർ തുടങ്ങിയവർ പങ്കെടുത്തു.