തൊടുപുഴ : സർക്കാർ ധനസഹായം ലഭിക്കാത്ത അഗതി, വൃദ്ധ മന്ദിരങ്ങളിൽ താമസിക്കുന്നവരെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയിൽ നിന്നും ഒഴിവാക്കിയ നടപടി സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്നും ഇത്തരക്കാർക്ക്‌പെൻഷൻ അടിയന്തിരമായി അനുവദിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. ഉറ്റവരും ഉടയവരും ഇല്ലാത്ത ഇത്തരം വ്യക്തികൾക്കാണ് സർക്കാരിന്റെ സഹായം ആദ്യം എത്തേണ്ടതെന്നും അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അത് നിഷേധിച്ച നടപടി മനുഷ്യാവകാശ ലംഘനമാണ്. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത് അനാഥ, അഗതി, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലെന്ന ധനവകുപ്പ് ഉത്തരവിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. അനാഥ/അതിഥി/വൃദ്ധ മന്ദിരങ്ങളിൽ താമസിക്കുന്നവരുടെ സംരക്ഷണ ചുമതല പ്രസ്തുത സ്ഥാപനങ്ങൾക്കാണെന്നും ഇത്തരം സ്ഥാപനങ്ങളിൽ അർഹതപ്പെട്ടവർക്ക് സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇവിടെ താമസിക്കുന്നവർക്ക് സാമൂഹിക സുരക്ഷാ പെൻഷൻ നൽകാത്തത്. അപേക്ഷകന്റെ വാർഷിക വരുമാനവും ഭൗതിക സാഹചര്യങ്ങളും കണക്കിലെടുത്താണ് പ്രാദേശിക സർക്കാരുകൾ പെൻഷൻ അനുവദിക്കുന്നതെന്നും ഇത്തരം മന്ദിരങ്ങളിൽ താമസിക്കുന്നവർക്ക് ഭൗതിക സാഹചര്യം കണക്കാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. സർക്കാർ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളെ പെൻഷനിൽ നിന്നും ഒഴിവാക്കിയ നടപടി ചോദ്യം ചെയ്യുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ് പരാതി സമർപ്പിച്ചത്.