തൊടുപുഴ: തൊടുപുഴ ഉപജില്ലാ ശാസ്ത്രമേളയിൽ കരിമണ്ണൂർ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനം നിലനിർത്തി. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, വിവരസാങ്കേതികവിദ്യ, പ്രവർത്തിപരിചയം എന്നീ എല്ലാ മേഖലകളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിക്കൊണ്ടാണ് വിജയം നേടിയത്. 48 ഇനങ്ങൾക്ക് ഫസ്റ്റ്, 19 ഇനങ്ങൾക്ക് സെക്കൻഡ്, 24 ഇനങ്ങൾക്ക് തേർഡ് തുടങ്ങിയ സമ്മാനങ്ങൾ ഉൾപ്പെടെ 83 ഇനങ്ങൾക്കാണ് എ ഗ്രേഡ് ലഭിച്ചത്. ആകെ 736 പോയിന്റുകൾ നേടി. സയൻസ്, സോഷ്യൽസയൻസ്, ഗണിതം, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ മേളകളിൽ ഹൈസ്‌കൂൾ വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ് കരിമണ്ണൂർ സ്വന്തമാക്കിയപ്പോൾ ഗണിതം, ഐ.റ്റി. എന്നീ മേളകളിലാണ് യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻസ് ആയത്. ഗണിതശാസ്ത്ര മേളയിൽ ഹയർ സെക്കൻഡറി വിഭാഗവുംകൂടി ഓവറോൾ ചാമ്പ്യൻഷിപ് നേടിയപ്പോൾ ഗണിതശാസ്ത്രത്തിൽ സമ്പൂർണ വിജയം കരിമണ്ണൂരിന്റെയായി മാറി. മികച്ച വിജയത്തോടെ മൂന്നാറിൽ നവംബർ ആദ്യവാരം നടക്കുന്ന ജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കാൻ അവസരംലഭിച്ചു.മുഴുവൻ വിജയികളെയും സ്‌കൂൾ മാനേജർ ഫാ.ഡോ. സ്റ്റാൻലി പുൽപ്രയിൽ, ഹെഡ്മാസ്റ്റർ സജി മാത്യു, പിറ്റിഎ പ്രസിഡന്റ് ലയോ കുന്നപ്പിള്ളിൽ എന്നിവർ അഭിനന്ദിച്ചു.