തൊടുപുഴ: സിവിൽ സപ്ലൈസ് കോർപ്പറേഷനു കീഴിൽ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ദിവസവേതന പായ്ക്കിങ് ജീവനക്കാരായി കഴിഞ്ഞ പത്ത് വർഷത്തിലധികമായി ജോലി ചെയ്തു വരുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് സപ്ലൈക്കോ വർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറിയും സിപിഐ ജില്ലാ സെക്രട്ടറിയുമായ കെ സലിംകുമാർ ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് മിനിമം വേതനം 700 രൂപ നൽകണമെന്നും വിറ്റുവരവിന്റെ അടിസ്ഥാനത്തിൽ ഉള്ള ശമ്പളക്രമം അവസാനിപ്പിക്കണമെന്നും സലിംകുമാർ ആവശ്യപ്പെട്ടു. സപ്ലൈക്കോ വർക്കേഴ്‌സ് ഫെഡറേഷൻ (എഐടിയുസി) സർക്കാരിന് സമർപ്പിച്ചിട്ടുള്ള അവകാശപത്രിക അംഗീകരിച്ച് നടപ്പിലാക്കണമെന്നും സപ്ലൈക്കോ വർക്കേഴ്‌സ് യൂണിയൻ (എഐടിയുസി) ജില്ലാ പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. യോഗത്തിൽ സി.പി.ഐ തൊടുപുഴ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ്, ചാർളി ജോസഫ്, പി ആർ സജി, രെജനി ഷിബു, ബിന്ദു തങ്കപ്പൻ, സോഫിമോൾ, ഉഷാകുമാരി, ലീല ശശി എന്നിവർ പ്രസംഗിച്ചു.