മുട്ടം: കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ വെടി വെച്ച് കൊല്ലാൻ കർഷകർക്ക് അനുമതി നൽകാനുള്ള
നടപടികളുമായി മുട്ടം പഞ്ചായത്ത്. തോക്കിന്റെ ലൈസൻസ്,ആധാർ കാർഡ് എന്നിവയുടെ കോപ്പിയും,അപേക്ഷയും പഞ്ചായത്തിൽ നൽകുന്ന കർഷകർക്ക് വിളകൾ നശിപ്പിക്കുന്ന വന്യ മൃഗങ്ങളെ വെടി വെച്ച് കൊല്ലാനുള്ള അനുമതി ഫോറസ്റ്റ് റേഞ്ച് ഓഫീസറിൽ നിന്ന് ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഷൈജ ജോമോൻ പറഞ്ഞു.പഞ്ചായത്ത് പ്രദേശത്തുള്ള നിരവധി കർഷകരുടെ കാർഷിക വിളകൾ വന്യ മൃഗങ്ങൾ വ്യാപകമായി തിന്ന് നശിപ്പിക്കുന്നതിനെ തുടർന്ന് കർഷകർ ഏറെ ദുരിതത്തിലായിരുന്നു.കാട്ട് പന്നികൾ ഉൾപ്പെടെയുള്ള വന്യ ജീവികൾ രാത്രി കാലങ്ങളിൽ കൂട്ടത്തോടെ എത്തിയാണ് കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചിരുന്നത്.വിളകൾ നശിപ്പിക്കുന്ന ജീവികളിൽ നിന്ന് രക്ഷ നേടാൻ കർഷകർ രാത്രി കാലങ്ങളിൽ കൃഷിയിടങ്ങളിൽ കെണി വെച്ചും,പടക്കം എറിഞ്ഞും,പാട്ടകൊട്ടി ശബ്ദങ്ങൾ ഉണ്ടാക്കിയും മറ്റും നിരവധി പ്രതിരോധങ്ങൾ ചെയ്‌തെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.

വ്യാപകമായി കൃഷി

നശിപ്പിക്കൽ

മുട്ടം പഞ്ചായത്ത് പ്രദേശത്തുള്ള പച്ചിലാം കുന്ന്,കാക്കൊമ്പ്,ഇടപ്പള്ളി,കന്യാമല, പി സി റ്റി,ശങ്കരപ്പള്ളി എന്നിങ്ങനെ നിരവധി പ്രദേശങ്ങളിലുള്ള കർഷിക വിളകൾ വന്യ ജീവികൾ വ്യാപകമായി നശിപ്പിച്ചിരുന്നു.ഇത് സംബന്ധിച്ച് കർഷകർ കൃഷി ഭവൻ,വനം വകുപ്പ്, വില്ലേജ് അധികാരികൾക്ക് നിരവധി പരാതികൾ നൽകിയെങ്കിലും സഹായങ്ങൾ ലഭിച്ചില്ല.ഇതേ തുടർന്ന് കർഷകരിൽ ചിലർ കോടതിയെയും സമീപിച്ചിരുന്നു