
വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ചായിരിക്കും മാപ്പത്തോൺ നടത്തുക
കരിമണ്ണൂർ : പശ്ചിമഘട്ടത്തിലെ അരുവികളുടെയും നീർച്ചാലുകളുടെയും വീണ്ടെടുക്കലും ശാസ്ത്രീയമായ സംരക്ഷണവുമെല്ലാം ഉറപ്പാക്കുന്നതിനുള്ള ജില്ലയിലെ മാപ്പത്തോൺ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് കരിമണ്ണൂർ പഞ്ചായത്തിൽ തുടക്കമായി. രണ്ടു ദിവസം കൊണ്ട് പഞ്ചായത്തിലെ നീർച്ചാലുകളെയും ജലസ്രോതസ്സുകളെയുമെല്ലാം ഡിജിറ്റലിലാക്കി.
നവകേരളം മിഷനും ഐ.ടി. മിഷനുമായി ചേർന്ന് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മാപ്പത്തോൺ നടത്തുന്നത്. മനുഷ്യരുടെ ആവാസവ്യവസ്ഥയ്ക്ക് തടസ്സമാകാതെ ദുരന്ത പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയാണ് മാപ്പത്തോൺ പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.കോട്ടയം ജില്ലയിലെ നവകേരളം മിഷന്റെ റിസോഴ്‌സ് പേഴ്‌സൺമാരായ ഷെഫി മോളി ജോൺ,സോഹിനിമോൾ ചാക്കോ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇടുക്കിയിലെ റിസോഴ്‌സ് പേഴ്‌സൺമാർ കരിമണ്ണൂരിലെ മാപ്പത്തോൺ പ്രവർത്തനം നടത്തിയത്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ മാപ്പത്തോൺ നടത്തിയത്.
പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിലുടെ നേരിൽ സഞ്ചരിച്ച് ഓപ്പൺ സ്ട്രീം ട്രാക്കർ മാപ്പിംഗിലൂടെയാണ് അരുവികളെയും തോടുകളേയും നീർച്ചാലുകളെയുമെല്ലാംഅടയാളപ്പെടുത്തിയത്.എല്ലാ നീർച്ചാലുകളെയും നേരിൽക്കണ്ടുള്ള ഡിജിറ്റൽ വിവരശേഖരണം വളരെ ശ്രമകരമായാണ് പൂർത്തിയാക്കിയത്.
48 പഞ്ചായത്തുകളിൽ
മാപ്പത്തോൺ
മാപ്പത്തോണിന് നേരത്തേ ജില്ലയിൽ ആദ്യഘട്ടം പൂർത്തിയായിരുന്നു. വിവിധ പഞ്ചായത്തുകളിലായി 5100കിലോമീറ്റർ ഡിജിറ്റലായി അടയാളപ്പെടുത്തിയിരുന്നു. അതിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് ഇപ്പോഴത്തെ മാപ്പത്തോൺ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് നവകേരളം ജില്ലാ കോർഡിനേറ്റർ ഡോ. വി. ആർ. രാജേഷ് പറഞ്ഞു. തൊടുപുഴ ബ്ലോക്കിലെ മണക്കാട്, പുറപ്പുഴ,കുമാരമംഗലം,കരിങ്കുന്നം പഞ്ചായത്തുകളിലൊഴികെ ജില്ലയിലെ 48 പഞ്ചായത്തുകളിലും മാപ്പത്തോൺ പ്രവർത്തനം നടത്തും. നവകേരളം പ്രവർത്തകർക്കൊപ്പം സ്‌കൂൾ, കോളജ് വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ചു കാമ്പെയിൻ രീതിയിലായിരിക്കും ഇത് നടപ്പാക്കുക. കരിമണ്ണൂരിലെ മാപ്പത്തോൺ മുക്കാൽപങ്കും പൂർത്തിയാക്കി.ഇനി വന മേഖലയിലെ നീർച്ചാലുകളാണ് മാപ്പത്തോൺ ചെയ്യേണ്ടത്. വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ചായിരിക്കും മാപ്പത്തോൺ നടത്തുക.അതിനുള്ള പദ്ധതിയും തയ്യാറായി വരികയാണ്. മാപ്പത്തോൺ സമ്പൂർണ്ണമാക്കി അത് ഓരോ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും കൈമാറും.