തൊടുപുഴ : കാട്ടുമൃഗങ്ങളുടെ ശബ്ദം കേൾക്കാൻ കഴിയാത്തതിനാൽ പൊട്ടിപ്പൊളിഞ്ഞ പടുതാ ഷെഡിനുള്ളിൽ ഉറങ്ങുന്ന മക്കൾക്ക് രാത്രികളിൽ ഉറക്കമില്ലാതെ കാവലിരിക്കുന്ന ബധിര – മൂക ദമ്പതികളുടെ ദുരിത ജീവിതത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
ജില്ലാ കളക്ടറും മാങ്കുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇവരുടെ ദുരവസ്ഥ പരിശോധിച്ച് അടിയന്തിര നടപടികൾ സ്വീകരിച്ച ശേഷം നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.
മാങ്കുളം പഞ്ചായത്തിലെ 13 – ാം വാർഡിൽ ആനക്കുളം നോർത്തിൽ താമസിക്കുന്ന പുതുപ്പറമ്പിൽ അശോക് കുമാറിന്റ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാനാണ് ഉത്തരവ്. ഇവർ അടച്ചുറപ്പുള്ള ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ലൈഫ് പദ്ധതിയിൽ നിന്നും സഹായം ലഭിച്ചില്ല. ഒന്നരപതിറ്റാണ്ടിനു മുമ്പാണ് വനാതിർത്തിയിലുള്ള സ്ഥലം ഇവർ വാങ്ങിയത്. അശോക് കുമാറിന് 70 ശതമാനം കേൾവിയില്ല. സതി ബധിരയും മൂകയുമാണ്. ഒമ്പതിലും നാലിലും പഠിക്കുന്ന രണ്ടു മക്കളുണ്ട് ഇവർക്ക്. കുടിലിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങാറുണ്ടെങ്കിലും കേൾവിയില്ലാത്തതിനാൽ ഇവർ അറിയാറില്ല. ലൈഫ് പദ്ധതിയിൽ നിന്നും വീട് ലഭിക്കാൻ മാങ്കുളം പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല.