വെള്ളത്തൂവൽ: ഗ്രാമപഞ്ചായത്തിൽ ജനകീയ ഹോട്ടൽ പ്രവർത്തനമാരംഭിച്ചു. ടൗണിൽ എസ് ബി ഐ ബാങ്കിന് സമീപമാണ് ഹോട്ടൽ തുടങ്ങിയിട്ടുള്ളത്. പഞ്ചായത്തിലെ കുടുംബശ്രീയുമായി സഹകരിച്ച് ജനകീയ ഹോട്ടലിന്റെ പ്രവർത്തനം മുമ്പോട്ട് പോകും. പഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഊണിന് 20 രൂപയും ഊണ് പാഴ്‌സലായി ലഭിക്കുന്നതിന് 25 രൂപയും നൽകണം. ചായയടക്കമുള്ള ഇതര ഭക്ഷണ വിഭവങ്ങളും മിതമായ നിരക്കിൽ ജനകീയ ഹോട്ടൽവഴി ലഭിക്കും. കുടുംബശ്രീ യൂണിറ്റുകൾക്ക് കീഴിലുള്ള സംരംഭങ്ങളിൽ നിർമ്മിക്കുന്ന ഭക്ഷ്യവസ്തുക്കളും ജനകീയ ഹോട്ടൽവഴി ലഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാവിലെ എട്ട് മുതൽ ജനകീയ ഹോട്ടലിന്റെ പ്രവർത്തനമാരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ സി ഡി എസ് ചെയർപേഴ്‌സൺ സ്മിതാ സാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, ഗ്രാമപഞ്ചായത്ത് ജീവനക്കാർ, സിഡിഎസ്, എഡിഎസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.