വെള്ളക്കയം: ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും വെള്ളക്കയം, വെള്ളെള്ള്, ഊരക്കുരു ഭാഗങ്ങളിൽ പരക്കെ നാശം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിഞ്ഞു വീണതിനെ തുടർന്ന് വെള്ളെള്ള് പട്ടയക്കുടി ഭാഗത്തേയ്ക്കുള്ള ഗതാഗതം തടസപ്പെട്ടു. രാത്രി 10ന് പഞ്ചായത്തംഗം വിഷ്ണു കെ. ചന്ദ്രനും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ തടസം നീക്കി. ബിൻസു ആലുങ്കലിന്റ പുരയിടത്തിലുണ്ടായ ഉരുൾപൊട്ടലിൽ 300 മീറ്റർ ഭാഗത്തെ കൃഷി പൂർണ്ണമായും നശിച്ചു. ശാന്ത രാധാകൃഷ്ണൻ വലിയപറമ്പിലിന്റ വീടിന് മുകളിലേയ്ക്ക് മണ്ണിടിഞ്ഞു വീണ് വീട് തകർന്നു.