അടിമാലി: ബാല സൗഹൃദ കേരളം നാലാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ അടിമാലി ബ്ലോക്ക് തല, പഞ്ചായത്ത്തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. ബാലസൗഹൃദ കേരളത്തിന്റെ ഭാഗമായി ഒന്നും രണ്ടും മൂന്നും ഘട്ടപ്രവർത്തനങ്ങൾ നടന്നിരുന്നു.നാലാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് അടിമാലി ബ്ലോക്ക്തല, പഞ്ചായത്ത്തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റി അംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ബാല സൗഹൃദ കേരളം ബ്ലോക്ക്, പഞ്ചായത്ത് തല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റികളുടെ ലക്ഷ്യങ്ങൾ, ചുമതലകൾ, കുട്ടികളുടെ അവകാശങ്ങളും നിയമങ്ങളും തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമൻ ചെല്ലപ്പൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് അദ്ധ്യക്ഷത വഹിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു രാജേഷ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത എം. ജി, പ്രൊട്ടക്ഷൻ ഓഫീസർ ജോമറ്റ് ജോർജ്ജ്, ശിശു വികസന പദ്ധതി ഓഫീസർമാരായ റഷീദ വി. എ, ജമീല എം. യു തുടങ്ങിയവർ സംസാരിച്ചു.