
കുമളി: ജില്ലയിൽ അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കാനുള്ള ന്യൂ ഇൻഡ്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുത്ത ജില്ലാതലറിസോഴ്‌സ് പേഴ്‌സൻമാർക്കും ഇൻസ്ട്രക്ടർമാർക്കും വേണ്ടിയുള്ള പരിശീലന പരിപാടി തുടങ്ങി.
കുമളി, ഏലപ്പാറ പഞ്ചായത്തുകളിലെ റിസോഴ്‌സ് പേഴ്‌സൻമാരും ഇൻസ്ട്രക്ടർമാരുമാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നത്. കുമളി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.കെ ബാബുക്കുട്ടി അദ്ധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി എം അബ്ദുൾ കരീം, റിസോഴ്‌സ് പേഴ്‌സൻ ബെന്നി ഇലവുംമൂട്ടിൽ, അസി.കോർഡിനേറ്റർ ജെമിനി ജോസഫ്, സംസ്ഥാന സാക്ഷരതാ മിഷൻ പ്രതിനിധികളായ സനൽ, രാജീവ്, ഗീത, ഗംഗ, വിനു പി ആന്റണി, പി.കെ ഗോപിനാഥൻ, പ്രദീപ്, സുരേഷ് എന്നിവർ നേതൃത്വം നല്കി. കാന്തല്ലൂർ, മറയൂർ, മൂന്നാർ, ദേവികുളം, ചിന്നക്കനാൽ, അടിമാലി, കുമളി, ഏലപ്പാറ പഞ്ചായത്തുകളിലാണ് പദ്ധതി പ്രവർത്തനങ്ങൾ നടക്കുന്നത്.
സാക്ഷരതാ ക്ലാസുകൾ
സംഘടിപ്പിക്കും.
ജില്ലയിലെ 5000 നിരക്ഷരരെ കൂടി സാക്ഷരരാക്കാൻ ഉദ്ദേശിച്ചാണ് പുതിയ പദ്ധതി. എന്നാൽ 6000 ഓളം നിരക്ഷരരെയാണ് സർവ്വേയിൽ കണ്ടെത്താനായത്. ഇവർക്ക് പ്രത്യേകം തയ്യാറാക്കിയ സാക്ഷരതാ പാഠാവലിയുടെ സഹായത്തോടെ 120 മണിക്കൂർ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിക്കും.മൂന്നാർ മേഖലാ പരിശീലന പരിപാടി 27, 28 തീയ്യതികളിൽ നടക്കും.