
അടിമാലി: ലഹരിയുടെ ഉപയോഗവും വിപണനവും നിയന്ത്രിക്കാൻ രൂപം നൽകിയിട്ടുള്ള ലഹരി മുക്ത കേരളം ക്യാമ്പയിൻ യോദ്ധാവിന്റെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശമുയർത്തി അടിമാലി ജനമൈത്രി പൊലീസിന്റെയും അടിമാലി ആശ്രമം ഫുട്‌ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ നടക്കുന്ന സെവൻസ് ഫുട്‌ബോൾ മേളക്ക് തുടക്കം കുറിച്ചു. രണ്ട് ദിവസങ്ങളിലായി അടിമാലി സർക്കാർ ഹൈസ്‌ക്കൂൾ മൈതാനിയിലാണ് ഫുട്‌ബോൾ മേള നടക്കുന്നത്. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നെത്തുന്ന പതിനാറ് ടീമുകൾ ഫുട്‌ബോൾ മത്സരത്തിൽ മാറ്റുരയ്ക്കും. ഒന്നാം സമ്മാനം പതിനായിരത്തൊന്ന് രൂപയും ട്രോഫിയും, രണ്ടാം സമ്മാനം ഏഴായിരത്തി ഒന്ന് രൂപയും ട്രോഫിയുമാണ്. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിത സജി മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അടിമാലി സി. ഐ ക്ലീറ്റസ് കെ. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സബ് ഇൻസ്‌പെക്ടർമാരായ സിജു ജേക്കബ്, ജൂഡി റ്റി. പി, റ്റി. എം. നൗഷാദ്, എ എസ് ഐ അബ്ബാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ബിനോയി, ആശ്രമം ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.