ഇടുക്കി: വനഭൂമി കുടിയേറ്റം ക്രമീകരിക്കുന്നതിന് കേരള ഭൂമിപതിവ് ചട്ടം 1993 പ്രകാരമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ച നടപടി കർഷകരെ ദ്രോഹിക്കുന്നതിനുവേണ്ടിയാണ് ആർ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ ആരോപിച്ചു.

1964 ലെ ഭൂപതിവ് ചട്ടപ്രകാരമാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്. ഇത്തരത്തിലുള്ള അപേക്ഷകൾ വന ഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടത്തിന്റെ പരിധിയിൽ വരുന്നില്ല.കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിൽ പട്ടയം നൽകുന്നതിനു വേണ്ടി മാത്രമാണ് 1964 ലെ ചട്ടം ഭേദഗതി ചെയ്തത്.

അതിനാൽ ഈ പ്രദേശങ്ങളിൽ മാത്രമാണ് ഈ ചട്ടപ്രകാരം പട്ടയം നല്കാൻ കഴിയു.ഏറ്റവും അധികം പട്ടയം ലഭിക്കാനുള്ള ഉടുമ്പൻചോല, ഇടുക്കി, പീരുമേട്,ദേവികുളം താലൂക്കുകളിലെ പതിനായിരക്കണക്കിന് പട്ടയ അപേക്ഷകർക്ക് പുതിയ തീരുമാനം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്.

മാർച്ച് 31ന് ജില്ലയിലെ 5 ഭൂമി പതിവ് ഓഫീസുകൾ നിർത്തലാക്കാൻ ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പട്ടയ അപേക്ഷകൾ സ്വീകരിക്കാത്തതെന്നാണ് തനിക്ക് ലഭിച്ച വിവരം.മറ്റു ജില്ലകൾക്ക് ബാധകമല്ലാത്ത കരി നിയമങ്ങൾ ഇടുക്കി ജില്ലയ്ക്ക് മാത്രമായുണ്ടാക്കുന്നത് ജില്ലയിലെ ജനങ്ങളോടുള്ള വിവേചനമാണെന്നും അജോ കുറ്റിക്കൻ പറഞ്ഞു.