കട്ടപ്പന: കാട്ടിറച്ചി വിറ്റുവെന്നാരോപിച്ച് ആദിവാസി യുവാവിനെതിരെ കള്ളക്കേസ് എടുത്ത് അറസ്റ്റ് ചെയ്ത വനം വകുപ്പ് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ട് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുന്നു. ഇതിനു മുന്നോടിയായി ഇന്ന് രാവിലെ ഒൻപതിന് ഉപ്പുതറ കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ യോഗവും ധർണയും സംഘടിപ്പിക്കും. അറസ്റ്റ് ചെയ്യപ്പെട്ട കണ്ണംപടി സ്വദേശി സരുൺ സജിയുടെ പിതാവും മാതാവുംതിനാളെ മുതൽ ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. സെപ്തംബർ 20നാണ് കണ്ണംപടി പുത്തൻപുരയ്ക്കൽ സരുൺ സജിയെ കിഴുകാനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കാട്ടിറച്ചി വിൽപ്പന നടത്തിയെന്ന കേസിലായിരുന്നു അറസ്റ്റ്. ഇയാൾ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ സംഭവം നടന്നെന്ന് മഹസറിൽ പറയുന്ന സമയത്തിനു തൊട്ടുമുമ്പ് സരുൺ സജി ഓടിച്ചിരുന്ന ഓട്ടോറിക്ഷ മെമ്പർകവല ഭാഗത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് പറഞ്ഞയച്ചതാണ്. തുടർന്ന് സരുൺ വാഗമണ്ണിലേക്ക് ബസിൽ യാത്ര ചെയ്യുകയും ചെയ്തു. ഈ സമയത്ത് സരുണിന്റെ വാഹനത്തിൽ നിന്നും കാട്ടിറച്ചി കണ്ടെടുത്തെന്നാണ് കേസ്. സരുൺ ബസിൽ യാത്ര ചെയ്തതിന്റെ ബസ് ടിക്കറ്റ് വനംവകുപ്പ് സംഘം നശിപ്പിച്ചെന്നും സംഭവത്തിൽ നീതി ഉറപ്പാക്കും വരെ സമരം ചെയ്യുമെന്നും സംയുക്ത സമര സമിതി ചെയർമാൻ എൻ.ആർ. മോഹൻ, കൺവീനർ സോണറ്റ് രാജു, ടി.കെ. രാമൻ, സരുൺ സജി എന്നിവർ പറഞ്ഞു.