
കുമാരമംഗലം : ഹരിതമിത്രം പദ്ധതിയിൽ ചരിത്ര നേട്ടവുമായി കുമാരമംഗലം. പഞ്ചായത്തിലെ എല്ലാ വീടുകളുടെയും കടകളുടെയും സ്ഥാപനങ്ങളുടെയും മാലിന്യ സംസ്‌കരണ, പരിപാലന പ്രവർത്തനങ്ങളെല്ലാം സമ്പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണിവിടെ. പഞ്ചായത്തിലെമ്പാടുമായി വീടുകളിലും സ്ഥാപനങ്ങളിലുമടക്കം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്പിന്റെ ഭാഗമായി 4968 ക്യു.ആർ കോഡുകളാണ് ഹരിതകർമ്മ സേനാംഗങ്ങൾ പതിച്ചത്.പഞ്ചായത്തിലെ സ്ഥാപനങ്ങളിലാകെ ഈ ജോലി പൂർണ്ണമായി പൂർത്തിയാക്കുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തെന്ന ബഹുമതിയാണ് കുമാരമംഗലം സ്വന്തമാക്കിയത്. അടുത്തമാസം മുതൽ പാഴ്‌വസ്തു ശേഖരണം സമ്പൂർണ്ണമായും ഡിജിറ്റലിൽ അടുത്ത മാസം മുതൽ ഡിജിറ്റൽ സംവിധാനത്തിലൂടെയാകും ഇവിടെ ഹരിതകർമ്മ സേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ് വസ്തുക്കൾ ശേഖരിക്കുകയെന്ന് പഞ്ചായത്ത് സെക്രട്ടറി ഷേർളി ജോൺ പറഞ്ഞു. 22 ഹരിതകർമ്മ സേനാംഗങ്ങളാണ് കുമാരമംഗലത്ത് ഗാർബേജ് ആപ്പ് എന്റോൾമെന്റ് പൂർത്തിയാക്കുന്നതിനായി നിതാന്ത പരിശ്രമം നടത്തിയത്. ഹരിതകേരളം മിഷൻ ,ശുചിത്വമിഷൻ, കെൽട്രോൺ എന്നിവ പഞ്ചായത്തുമായി ഒത്തുചേർന്ന് നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് കുമാരമംഗലം നേട്ടമുണ്ടാക്കിയത്.ഈ പ്രവർത്തനം ഏറ്റവും മികച്ച നിലയിൽ വേഗത്തിൽ പൂർത്തിയാക്കിയ ഹരിതകർമ്മ സേനാംഗങ്ങളെ പഞ്ചായത്ത് ഭരണസമിതി ആദരിച്ചു.ഹരിതമിത്രം ആപ്പ് നടപ്പാക്കിയെന്ന പ്രഖ്യാപനവും പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ നിർവ്വഹിച്ചു.