ആവശ്യങ്ങൾ നടക്കാതെ കർഷകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ
കട്ടപ്പന: പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെയടക്കം പ്രതിഷേധം അയഞ്ഞതോടെ ജില്ലയിൽ സങ്കീർണമായി തുടരുന്ന ഭൂപ്രശ്‌നങ്ങളിലും ബഫർ സോൺ വിഷയത്തിലും സർക്കാരിന് അനങ്ങാപ്പാറ നയം. നിർമാണ നിരോധനം അടക്കമുള്ള ജനദ്രോഹ ഉത്തരവുകൾ നിലനിൽക്കുന്നതിനാൽ ആയിരക്കണക്കിനു കർഷകരാണ് വിവിധ ആവശ്യങ്ങൾക്കായി നിത്യേന സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത്. വിവാദ ഭൂഉത്തരവുകൾക്ക് പുറമേയാണ് ബഫർ സോൺ നിർദേശവും ജില്ലയ്ക്ക് വിലങ്ങുതടിയായത്. ബഫർ സോൺ പരിധിയിൽ ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെട്ടതോടെ സ്വന്തം ഭൂമി ക്രയവിക്രയം നടത്താനോ, ബാങ്ക് വായ്പയെടുക്കാനോ സാധിക്കാത്ത സ്ഥിതിയിലാണ് നിരവധി പേർ. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വിഷയം ഉയർത്തിക്കൊണ്ടുവരുന്ന രാഷ്ട്രീയ കക്ഷികൾ ഇടക്കാലത്ത് അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതാണ് പ്രശ്‌നം അനന്തമായി നീണ്ടുപോകുന്നതിന് കാരണമാകുന്നതെന്ന് കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നുണ്ട്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ വല്ലപ്പോഴും ചില സമരങ്ങൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ ഇതുകൊണ്ടാകുന്നില്ല. നിയമം കൊണ്ട് ഭൂപ്രശ്‌നങ്ങളെ ഒരു പരിധിവരെ മറികടക്കാമെന്നിരിക്കെ ഇക്കാര്യത്തിനായി നിയമസഭയിൽ സമ്മർദ്ദം ചെലുത്തുന്നതിന് ജില്ലയിലെ ഭരണകക്ഷി എം.എൽ.എമാരും ശ്രമിക്കുന്നില്ല എന്ന ആക്ഷേപവുമുണ്ട്. . എൽ.ഡി.എഫും, യു.ഡി.എഫും പരസ്പരം പഴിചാരുമ്പോൾ ഇരുമുന്നണികളെയും പഴിചാരി ബി.ജെ.പിയും രംഗത്ത് വരുന്നതാണ് പതിവ്. എന്നാൽ വിഷയം പരിഹരിക്കുന്നതിൽ ഒരു മുന്നണിയിലും വ്യക്തമായ തീരുമാനമോ, നീക്കമോ നടത്തുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. ഭൂവിഷയത്തിൽ രാഷ്ട്രീയ കക്ഷികളിലുള്ള വിശ്വാസം നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന വികാരമാണ് ജില്ലയിലെ കർഷകരിൽ നിന്ന് ഉയർന്നുകൊണ്ടിരിക്കുന്നത്.
നിരോധന ഉത്തരവ്
നിലനിൽക്കുന്നു
2019 ഓഗസ്റ്റ് 22ലെ റവന്യൂ സെക്രട്ടറിയുടെ നിർമാണത്തിന് എൻ.ഒ.സി. ആവശ്യമാണെന്ന ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. ഇത് പിൻവലിച്ചാൽ തദ്ദേശ സ്വയംഭരണ സെക്രട്ടറിയുടെയും ജില്ലാ കലക്ടറുടെയും ഉത്തരവുകൾ അസാധുവാകും. ഇതോടെ ഒരു പരിധിവരെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്നിരിക്കെ നാളിതുവരെ ഇത് പിൻവലിക്കുന്നതിനായി സർക്കാർ തയ്യാറായിട്ടില്ല. 1964, 1993 വർഷങ്ങളിലെ ഭൂ പതിവ് ചട്ടങ്ങളിലെ ഭേതഗതിയും നാളിതുവരെ നടപ്പായിട്ടില്ല. ഓരോ പ്രതിഷേധങ്ങൾ ഉയരുമ്പോഴും ഭേഗഗതി അവസാന ഘട്ടത്തിലാണെന്ന മുടന്തൻന്യായമാണ് സർക്കാരും ജില്ലയിലെ എം.എൽ.എമാരും ഉയർത്തുന്നത്.