
മറയൂർ: ചന്ദനക്കാടുകളിലെ വാനരരുടെ മുഖകാന്തിയുടെ പിന്നിലെ രഹസ്യം കണ്ടെത്താൻ തുനിഞ്ഞാൽ എത്തിചേരുന്നത് ഹരിത വനങ്ങളിൽ കാണപ്പെടുന്ന ഒരു മരത്തിലാണ്. കടുംപച്ച നിറമുള്ള ഇലകൾ തിങ്ങി നിറഞ്ഞ കുരുമുളകിന് സമാനമായ ചുവപ്പ് നിറത്തിലുള്ള കായ്കളോട് കൂടിയ മരങ്ങൾ കാടുകൾ നിറയെ കാണാനാകും. 'കുരങ്ങ് മഞ്ഞൾ സിന്ദൂരം' എന്ന പേരിൽ അറിയപ്പെടുന്ന ഈ മരങ്ങൾ ഇപ്പോൾ വാനരൻമാരുടെ ബ്യൂട്ടി പാർലറുകളാണ്. സമുദ്ര നിരപ്പിൽ നിന്ന് 1500 മീറ്റർ ഉയരമുള്ള മറയൂർ മലനിരകളിലാണ് ഇവ ഏറ്റവുമധികം കാണപ്പെടുന്നത്. മലോട്ടസ് ഫിലിപ്പൻസിസ് എന്ന പേരിൽ അറിയപ്പെടുന്ന ഇവ നിത്യഹരിത വൃക്ഷത്തെ, കുങ്കുമ പൂമരം, ചെങ്കൊല്ലി, സിന്ദൂരി എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടാറുണ്ട്. ചായമായാണ് പണ്ട് കാലത്ത് ഇതിന്റെ കായ്കൾ ഉപയോഗിച്ചിരുന്നത്. ഉണക്കി പൊടിച്ച് പൂജാ വേളകളിലും മറ്റും ഉപയോഗിച്ചിരുന്നതായി പറയുന്നു. മുൻകാലങ്ങളിൽ കുരങ്ങ് മഞ്ഞൾ സിന്ദൂരം മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതായി രേഖകളുണ്ട്. സിന്ദൂര മരത്തിൽ നിന്ന് ലഭിക്കുന്ന ഓർലിയർ ചായം ഭക്ഷണ പദാർത്ഥങ്ങളിൽ നിറം വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. മുഖ സൗന്ദര്യത്തിനും കാന്തി വർദ്ധിപ്പിക്കുന്നതിനും ഇവ ഉപയോഗിക്കാമെന്ന അഭിപ്രായവുമുണ്ട്. വാനരൻമാർ കൂട്ടമായെത്തി ഇവ പറിച്ചെടുത്ത് പരസ്പരം മുഖത്ത് തേച്ച് കൊടുക്കുന്നത് കാണാൻ സാധിക്കും. കൂടുതലായും പെൺ കുരങ്ങുകളാണ് ഇവയുടെ ചെറുതളിരിലയും ചായവും മുഖത്തും കൈകളിലും തേച്ചുപിടിപ്പിക്കുന്നത്.