തൊടുപുഴ: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് ആശങ്കകളൊഴിഞ്ഞ് സ്‌കൂളുകളിലേക്കെത്തുന്ന കൗമാര മേളകളെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാർത്ഥികളും കലാ- കായിക അദ്ധ്യാപകരും. റവന്യൂ ജില്ലാ കായികമേള നവംബർ 22, 23, 24 തിയതികളിൽ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും കലോത്സവം നവംബർ 28, 29, 30, ഡിസംബർ ഒന്ന് തീയതികളിൽ സെന്റ് ജോർജ് എച്ച്.എസ് മുതലക്കോടം സ്‌കൂളിലും ശാസ്ത്രമേള നവംബർ ഒന്ന്, രണ്ട്,​ മൂന്ന് തീയതികളിൽ ജി.വി.എച്ച്.എസ്.എസ് മൂന്നാറിലും നടക്കും. സ്‌കൂളുകളും ഇതിനായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. തിരുവാതിര, സംഘനൃത്തം, ഒപ്പന, മാർഗം കളി, ദഫ്‌മുട്ട്, കോൽകളി എന്നിവയിൽ ഒട്ടുമിക്ക സ്‌കൂളുകളും പരിശീലനം തുടങ്ങി കഴിഞ്ഞു. നൃത്ത, സംഗീത വാദ്യോപകരണങ്ങളും സ്‌കൂളുകളിൽ കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്.

ഉപജില്ലാ തലത്തീലുള്ള ശാസ്ത്രമേളകൾ പൂർത്തിയായിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ സംസ്ഥാന കലോത്സവം നടന്നത് 2019ൽ കാസർകോടാണ്. 2023 ജനുവരിയിൽ കോഴിക്കോട്ടാണ് സംസ്ഥാന സ്‌കൂൾ കലോത്സവം. സ്‌കൂൾ, ഉപജില്ല, റവന്യൂ ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം. ജില്ലയിൽ രണ്ട് വിദ്യാഭ്യാസ ജില്ലകളിലായി ഏഴ് ഉപജില്ലകളാണുള്ളത്. ഓരോ ഉപജില്ലയിലും 2500 മുതൽ 3000 വരെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഭക്ഷണത്തിനും ചെലവിനുമായി ഫണ്ട് കണ്ടെത്തുന്നത് സംഘാടക സമിതിയാണ്. സർക്കാർ നിശ്ചയിക്കുന്ന തുക ഒമ്പതാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികളിൽ നിന്ന് കണ്ടെത്തി സർക്കാരിലേക്ക് നൽകണം. ഈ തുക ഓരോ ഉപജില്ലയ്ക്കും റവന്യൂ ജില്ലാ കലോത്സവത്തിനായി സർക്കാർ തിരികെ നൽകും. കൂടാതെ സംഘാടക സമിതി സ്‌പോൺസർമാരെ കണ്ടെത്തി ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഫണ്ട് കണ്ടെത്തുകയും ചെയ്യാറുണ്ട്. 2019 ൽ റവന്യൂ ജില്ലാ സ്‌കൂൾ കായികമേള മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും കലോത്സവം കട്ടപ്പന സെന്റ് ജോർജ്ജ് ഹയർസെക്കൻഡറി സ്‌കൂളിലുമാണ് നടന്നത്. ജില്ലയെ സംബന്ധിച്ച് സ്‌കൂൾ കായിക മേളയും കലോത്സവങ്ങളും വിദ്യാർത്ഥികളുടെ മാത്രം മത്സരത്തിലൊതുങ്ങുന്നതല്ല. നാടിന്റെ തന്നെ ഉത്സവമായി മാറുകയാണ് ചെയ്യുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന കൗമാര മേളകളെ വരവേൽക്കാൻ ഇത്തവണ അൽപം കൂടുതൽ ആവേശത്തോടെയാണ് നാടും കാത്തിരിക്കുന്നത്.

നിരവധിപ്പേരുടെ ജീവിതം

കൊവിഡ് കാലത്ത് കലാകായിക മത്സരങ്ങൾ നടക്കാത്തത് കുട്ടികളുടെ ആവേശത്തെ മാത്രമല്ല ഇല്ലാതാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നിരവധി കലാകരന്മാരുടെ കുടുംബങ്ങളുടെ വരുമാനത്തെ കൂടിയായിരുന്നു. കലോത്സവം കൊണ്ട് ഉപജീവനം നടത്തുന്ന നിരവധി കലാകാരൻമാർ ഈ സമയങ്ങളിൽ മറ്റ് ജോലികളിൽ വരെ പോകേണ്ട സാഹചര്യം വന്നിരുന്നു. നർത്തകർക്കായി വാടകയ്ക്ക് ഡ്രസുകൾ നൽകുന്നവർ, മേക്കപ്പ് ആർട്ടിസ്റ്റുകൾ, കലാപരിശീലകർക്ക് ഗാനങ്ങൾ ചിട്ടപ്പെടുത്തി സി.ഡി തയ്യാറാക്കുന്നവർ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരും സ്‌കൂൾ കലോത്സവ നാളുകളിൽ സജീവമാകും.