അണക്കര: ഏലത്തിന്റെ വിദേശ കയറ്റുമതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പൈസസ് ബോർഡ് നടപ്പിലാക്കിയ പ്രത്യേക ലേലത്തിന് പുറ്റടി സ്‌പൈസസ് പാർക്കിൽ തുടക്കം കുറിച്ചു. ലബോറട്ടറി പരിശോധനയിലൂടെ മാരക കീടനാശിനിയുടെയും കൃത്രിമ നിറത്തിന്റെയും സാന്നിദ്ധ്യം കുറവെന്ന് ഉറപ്പ് വരുത്തിയ ഏലക്ക മാത്രം ഉൾപ്പെടുത്തിയുള്ള ലേലമാണ് ഇന്ന് നടന്നത്. പരിശോധനയിൽ യോഗ്യമാണെന്ന് കണ്ടെത്തിയ 17,546 കിലോ കായാണ് ഇന്നലെ നടന്ന രണ്ട് ലേലങ്ങളിലുമായി പതിവിന് ഉണ്ടായിരുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഏലക്കയുടെ പ്രധാന ഉപഭോക്ത രാജ്യമായ സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ആറിനും കീടനാശികളുടെ സാന്നിദ്ധ്യം ഇല്ലാത്തതും അമിതമായി കൃത്രിമ നിറം കലർത്താത്തതുമായ ഏലക്ക കർഷകരിൽ നിന്നും സ്‌പൈസസ് ബോർഡ് ശേഖരിക്കുകയും ഇവയുടെ സാമ്പിൾ ലബോറട്ടറി പരിശോധന നടത്തി മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെട്ടു എന്ന് കണ്ടെത്തിയ ഏലക്ക മാത്രമാണ് ഇന്ന് നടന്ന പ്രത്യേക ലേലത്തിൽ വില്പനയ്ക്ക് വച്ചത്. പ്രത്യേക ലേലത്തിന് ഔദ്യോഗിക തുടക്കം കുറിച്ച ശേഷം രാവിലെ സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനിയുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 12 ലോട്ടുകളിലായി 2296.9 കിലോ കായാണ് ഈ ലേലത്തിൽ പതിവിന് എത്തിയത്. ഇതിൽ 1832.3 കിലോ വില്പന നടന്നു. കൂടിയ വിലയായി 1151 രൂപയും ശരാശരി വിലയായി 1056 രൂപയുമാണ് ലഭിച്ചത്. ഇതിനുശേഷം മാസ് ഏജൻസിയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ 15,250 കിലോ ഏലക്കയാണ് എത്തിയത്. കൂടിയ വരെയായി 1468 രൂപയും ശരാശരി വിലയായി 1084 രൂപയും രേഖപ്പെടുത്തി.

ഇപ്പോൾ നടക്കുന്ന ലേലങ്ങളിൽ വിലവർദ്ധനവ് പ്രതീക്ഷിക്കുന്നില്ല എങ്കിലും ഇത്തരത്തിൽ സംഭരിക്കുന്ന ഉത്പ്പന്നങ്ങൾ വിദേശ വിപണികളിൽ കയറ്റി അയക്കുമ്പോൾ ഉയർന്ന ഡിമാൻഡ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌പൈസസ് ബോർഡും ലേല കമ്പനികളും. ലോകത്തിലെ ഏറ്റവും അധികം ഏലക്ക ഉത്പാദിപ്പിക്കുന്ന രാജ്യമായ ഗ്വാട്ടിമാലയിൽ നിന്നും വിദേശ രാജ്യങ്ങളിൽ എത്തിക്കുന്ന ഉൽപ്പന്നത്തിൽ വിഷാംശം വളരെ കുറവായതാണ് ഇന്ത്യയിലെ ഉൽപ്പന്നത്തിന് ഡിമാൻഡ് കുറയാൻ കാരണമായത്. കൂടാതെ സൗദി അടക്കമുള്ള രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട കീടനാശിനികൾ ഇന്ത്യൻ ഏലക്കായയിൽ കൂടിയ അളവിൽ ഉള്ളതായും കണ്ടെത്തിയത് തിരിച്ചടിയായി. ഇത്തരം പോരായ്മകൾ പരിഹരിച്ച് മികച്ചയിനം ഏലക്ക വിദേശ വിപണികളിൽ എത്തിക്കുകയാണ് സ്‌പൈസസ് ബോർഡും വ്യാപാര മേഖലയും ലക്ഷ്യമിടുന്നത്.