ഇരട്ടയാറിൽനിന്ന് 37 ലിറ്റർ മദ്യം പിടിച്ചെടുത്തു
കട്ടപ്പന:കുടുംബ കലഹം പരിഹരിക്കാനെത്തിയ പൊലീസുകാർക്ക് ലഭിച്ചത് അനധികൃത വിദേശമദ്യ ശേഖരം
ഇരട്ടയാർ ടൗണിലും പരിസരത്തുമായി അനധികൃത വിദേശമദ്യ വിൽപ്പന തകൃതിയായി നടക്കുന്നുവെന്ന പരാതിയെ തുടർന്ന് ഏതാനും ദിവസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.ഇതിനിടയിലാണ് കുടുംബ വഴക്ക് സംബന്ധിച്ച പരാതി പൊലീസിന് ലഭിച്ചത്. മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഗൃഹനാഥന് എവിടെ നിന്നാണ് മദ്യം ലഭിക്കുന്നതെന്ന് വിശദമായി അന്വേഷിച്ചതോടെയാണ് അനധികൃത വിദേശ മദ്യ കേന്ദ്രം എവിടെയാണെന്ന് വ്യക്തമായത്.തുടർന്ന് പൊലീസ് ഇരട്ടയാറിൽ ആക്രി കടയിൽ നടത്തിയ പരിശോധനയിൽ 37 ലിറ്റർ വിദേശമദ്യം കണ്ടെത്തുകയായിരുന്നു.കടയുടമ പറക്കൊണത്തിൽ രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.74 കുപ്പികളിലായിട്ടായിരുന്നു 37 ലിറ്റർ മദ്യം ഇയാൾ സൂക്ഷിച്ചിരുന്നത്. മദ്യം വിറ്റ് ലഭിച്ച പണവും പൊലീസ് കണ്ടെത്തി.ബിവറേജിൽ നിന്നും വാങ്ങിയാണ് വിൽപ്പന നടത്തിയിരുന്ന എന്നും പ്രതി സമ്മതിച്ചു. മുമ്പ് ചാരായ വിൽപ്പന കേസിനും രാജേന്ദ്രൻ പോലീസിന്റെ പിടിയിലായിട്ടുണ്ട്.
കട്ടപ്പന എസ്.ഐ കെ.ദിലീപ് കുമാറിന്റെ നേതൃത്വത്തിൽ എ .എസ് . ഐ ഹരികുമാർ, സി .പി ഒ മാരായ പ്രശാന്ത് മാത്യു,സബിൻ കുമാർ, ജോബിൻ, അൽബാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.