
തൊടുപുഴ: തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപം റോഡ് മൂന്ന് തവണ കുഴിച്ച് വാട്ടർ അതോറിട്ടി കരാർ ജീവനക്കാർ. അടുത്തിടെ ക്ഷേത്രത്തിൽ നടന്ന ശുചീകരണ ജോലിക്കിടെ ഈ സ്ഥലത്തെ കുഴികൾ മൂടിയിരുന്നു. പിന്നാലെയാണ് വാട്ടർ അതോറിട്ടി കരാർ ജീവനക്കാർ വീണ്ടും കുഴിച്ചത്. കനാൽ റോഡും പഞ്ചായത്ത് റോഡും ഇത്തരത്തിൽ കുഴിച്ചിട്ടുണ്ട്. നേരത്തെ ഇവിടെ 1.5 വർഷം മുമ്പ് പൈപ്പ് ഇടുന്നതിനായി കുഴിയെടുത്തിരുന്നു. ഇതിന് ശേഷം വീണ്ടും കുഴിയെടുത്ത് ക്ഷേത്രത്തിൽ നിന്ന് കനാൽ റോഡിൽ 300 മീറ്ററോളം ഭാഗത്ത് പുതിയ പൈപ്പിട്ടു. അവസാനമാണ് ഇവിടെ മറ്റൊരു പൈപ്പുണ്ടെന്ന കാര്യം കരാറുകാർ അറിഞ്ഞത്. അന്യസംസ്ഥാന തൊഴിലാളികളെ എത്തിച്ച് വീണ്ടും കുഴിച്ച് പൈപ്പ് തിരിച്ചെടുത്തു. എന്നാൽ കുഴി കൃത്യമായി മൂടിയതുമില്ല. നാട്ടുകാർ ചോദ്യം ചെയ്‌തെങ്കിലും കരാറുകാരനും തൊഴിലാളികളും മുങ്ങി. ഏറെ തിരക്കേറിയ റോഡിൽ ഇതോടെ വാഹനങ്ങൾ കുഴിയിലാവുകയാണ്. ഇതുവരെ നാല് തവണയാണ് വാഹനങ്ങൾ കുഴിയിൽ വീണ് കുടുങ്ങിയത്. റോഡ് നടുവെ കുഴിച്ചിരിക്കുന്നതിനാൽ ഇരുചക്രവാഹനങ്ങളടക്കം ഏറെ പണിപ്പെട്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്. കുഴിച്ച റോഡ് കോൺക്രീറ്റ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.