രാജാക്കാട് :രാജകുമാരിയിൽ വീട് കുത്തി തുറന്ന് പണവും സ്വർണ്ണാഭരണങ്ങളും മോഷ്ടിച്ചു. ദേവമാതാ പള്ളിക്ക് സമീപം താമസിക്കുന്ന സി പി ഐ നേതാവ് പി എസ് നെപ്പോളിയന്റെ വീട്ടിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ പിൻ ഭാഗത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും 3 മൊബൈൽ ഫോണുകളും പതിനാറായിരം രുപയും മേശപ്പുറത്തിരുന്ന സ്വർണ്ണ മാലയുമാണ് മോഷണം പോയതെന്ന് വീട്ടുകാർ പറഞ്ഞു. ഇതിൽ രേഖകളും ഫോണും നശിപ്പിച്ച നിലയിൽ സമീപത്തെ പുരയിടത്തിൽ നിന്നും കണ്ടെത്തി. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഒരു ഷർട്ടും സ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെ ഉറക്കമുണർന്നപ്പോഴാണ് വിവരമറിഞ്ഞതെന്ന് നെപ്പോളിയന്റെ മകൻ ജെയ്‌സൻ പറഞ്ഞു. രാജാക്കാട് പൊലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു.