
അടിമാലി: മകനൊപ്പം ബൈക്കിൽ വരവേ വീലിൽ ഷാൾ കുരുങ്ങി തലയടിച്ചുവീണ് മീൻകെട്ട് മാളിയേക്കൽ ദേവസ്യയുടെ ഭാര്യ മെറ്റിൽഡ (45) മരിച്ചു. ചിത്തിരപുരം മീൻകെട്ടിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. ചിത്തിരപുരം നിത്യസഹായമാത പള്ളിയിൽ പ്രാർത്ഥനയ്ക്ക് ശേഷം മകൻ ഡെന്നീസിനോടൊപ്പം മടങ്ങവേയായിരുന്നു അപകടം. നാട്ടുകാർ 10 മിനിട്ടോളം പ്രയത്‌നിച്ചാണ് കുരുക്കിൽ നിന്നെടുത്തത്. ആദ്യം ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെനിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. മെറ്റിൽഡ സ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വെള്ളത്തൂവൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മറ്റൊരു മകൻ: ഡാനിസ്.