മറയൂർ: സിനിമാക്കാരുടെ ഇഷ്ടലൊക്കേഷനായ മറയൂരിൽ ചന്ദന മരക്കാടുകളുടെ പശ്ചാത്തലത്തിൽ 'വിലായത് ബുദ്ധ' ചിത്രീകരണത്തിന് ഒരുങ്ങുന്നു. സിനിമയിലെ പ്രധാന കഥാ പാത്രങ്ങൾ ഒഴികെ പതിനഞ്ചിലധികം പേർ മറയൂരുകാരാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ഉർവശി തിയേറ്റേഴ്‌സിന്റെ ബാനറിൽ തിരുവനന്തപുരം സ്വദേശി സന്ദീപ് സേനനാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പൃഥ്വിരാജാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ഷമ്മി തിലകൻ, അനു മോഹൻ, കോട്ടയം രമേശ്, രാജശ്രീ എന്നിവരാണ് മറ്റ് പ്രമുഖർ.
സിനിമയിൽ പട്ടാള ക്യാമ്പ് മുതൽ പാകിസ്ഥാൻ അതിർത്തി വരെയുള്ള ഭാഗമായി മറയൂർ മാറിക്കഴിഞ്ഞു.
1993 ൽ സി.പി. പത്മകുമാർ സംവിധാനം ചെയ്ത സമ്മോഹനം എന്ന സിനിമയാണ് മറയൂരിൽ ആദ്യമായി ചിത്രീകരിച്ചത്. അതിന് ശേഷം ഫാന്റം , പട്ടാളം, ഭ്രമരം, രസതന്ത്രം, സ്മാർട്ട് സിറ്റി, പാതിരാമണൽ, ഒരിടത്തൊരു പോസ്റ്റുമാൻ, കിംഗ് ലയർ, വയലിൻ, ഓറഞ്ച് എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും മറയൂരിലായിരുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്ത് ആസിഫ് അലി പ്രധാന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന കൂമനാണ് അവസാനമായി മറയൂരിൽ ചിത്രീകരണം നടന്ന മലയാള സിനിമ. കൂടാതെ ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ചിത്രങ്ങളും മറയൂരിൽ ചിത്രീകരിച്ചിട്ടുണ്ട്.