കഞ്ഞിക്കുഴി: ജില്ലയിലെ ഭൂ വിഷയങ്ങളിൽ അനുദിനം കർഷകവിരുദ്ധ നടപടികൾ തുടർക്കഥയാക്കുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്ന എൽ.ഡി.എഫ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പൊന്നെടുത്താൻ വാർഡിൽ നിന്ന് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി ഷീബാ ജയന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകദ്രോഹ നയങ്ങൾ നിരന്തരം ജില്ലയിൽ നടപ്പിലാക്കുകയും സർക്കാർ ഓഫീസുകളുടെ മുന്നിൽ സമരമെന്ന പ്രഹസനം നടത്തുകയും ചെയ്യുന്ന എൽ.ഡി.എഫിന്റെ കള്ളത്തരങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലവർദ്ധനവിലൂടെ ജനജീവിതം ദുസഹമാക്കിയിരിക്കുകയാണ്. യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.ഡി. ശോശാമ്മ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, പ്രൊഫ. എം.ജെ. ജേക്കബ്ബ്, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, ജോയി കൊച്ചുകരോട്ട്, ആഗസ്തി അഴകത്ത്, വക്കച്ചൻ വയലിൽ, രാജേശ്വരി രാജൻ, വിൻസന്റ് കല്ലിടുക്കിൽ, കോയ ചെറിയകാട്ട്, തങ്കച്ചൻ നാഴൂരിമറ്റം, ജെയിംസ് വെണ്ണാലി സോയിമോൻ സണ്ണി, ബിനോയി വർക്കി, പി.ടി. ജയകുമാർ , മാത്യു തായങ്കരി, സുകുമാരൻ കുന്നുംപുറത്ത്, അജു റോബർട്ട് സ്ഥാനാർത്ഥി ഷീബാ ജയൻ എന്നിവർ പ്രസംഗിച്ചു. ജോയി ചേറ്റാനിയെ ചെയർമാനായും സിബിച്ചൻ മനക്കലിനെ കൺവീനറായും തിരഞ്ഞെടുത്തു.