കട്ടപ്പന/നെടുങ്കണ്ടം: കേരളത്തിലെ ആൾ ദൈവങ്ങളും നഗ്ന സന്യാസിമാരും നടത്തുന്ന കേന്ദ്രങ്ങൾ അന്ധവിശ്വാസങ്ങളുടെ വിപണനശാലകളായി മാറിയിരിക്കുകയാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. ശിവരാമൻ പറഞ്ഞു. എ.ഐ.വൈ.എഫിന്റെ നേത്യത്വത്തിൽ കട്ടപ്പനയിൽ സംഘടിപ്പിച്ച ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചില മത സ്ഥാപനങ്ങൾ പോലും ഇത്തരം അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെല്ലാം പിന്നിൽ വലിയ സാമ്പത്തിക താൽപ്പര്യങ്ങളാണുള്ളത്. രാജ്യത്തെ സമ്പന്നരുടെ പട്ടിക പരിശോധിച്ചാൽ ആൾ ദൈവങ്ങളുടെ സമ്പത്ത് കുന്നുകൂടുന്നത് കണ്ടെത്താനാകും. മയക്ക് മരുന്നിനെക്കാൾ വലിയ ആപത്തായി ഇത്തരം അന്ധവിശ്വാസങ്ങളും അനാചരങ്ങളും സമൂഹത്തിൽ ഇന്നും നിലനിൽക്കുകയാണ്. നവോത്ഥാന നാടിനെ തകർക്കുന്ന ആൾ ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലായ്മ ചെയ്യാൻ അന്ധവിശ്വാസ അനാചാര നിയമനിർമ്മാണം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജാഗ്രതാ സദസിന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. വി.എസ്. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ജെ. ജോയിസ്, സി.പി.ഐ കട്ടപ്പന മണ്ഡലം സെക്രട്ടറി വി.ആർ. ശശി, വി.കെ. ബാബുകുട്ടി, എൻ. വിപനചന്ദ്രൻ, ടി.സി. കുര്യൻ, ആശാ ആന്റണി, സനീഷ് മോഹനൻ, ആനന്ദ് വിളയിൽ, കെ.എൻ. കുമാരൻ, രാജൻകുട്ടി മുതുകുളം, സി.എസ്. മനു എന്നിവർ സംസാരിച്ചു.