തൊടുപുഴ: പണ്ടൊക്കെ വീട് കുത്തിത്തുറന്ന് പണവും സ്വർണ്ണവും അപഹരിച്ചു എന്ന വാർത്തകളാണ് അധികം കേട്ടിരുന്നതെങ്കിൽ ഇപ്പോൾ പണം ചോർത്തിയെടുക്കുകയാണ്, അതും ഉടമപോലുമറിയാതെ. ചിലർ സൗഹൃദം കൂടിവന്നാണെങ്കിൽ ചിലർ പ്രണയപരവശരായായിരിക്കും സോഷ്യൽ മീഡിയാകളിൽ എത്തുന്നത്. അവർക്ക് ഒന്നേ ലക്ഷ്യമുള്ളു, പരിചയപ്പെട്ടവരെ കെണിയിൽപ്പെടുത്തി അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ കിടക്കുന്ന പണമത്രയും അടിച്ച്മാറ്റുക, പണം ഇല്ലെങ്കിൽ മറ്റുള്ളവരിൽനിന്നും കടംവാങ്ങിയാണെങ്കിലും അക്കൗണ്ടിൽ ഇടീപ്പിക്കുക. ചോർത്തിയെടുക്കാവുന്ന പണം എടുത്തശേഷം അടുത്ത ഇരയെത്തേടി പോവുക അതാണിപ്പോൾ നടക്കുന്നത്.

പ്രണയമോ സൗഹൃദമോ നടിച്ച് വ്യാജ ഓൺലൈൻ പ്രൊഫൈലിലൂടെ പണം തട്ടിക്കാനും ലൈംഗികചൂഷണത്തിനും ഇടയാക്കുന്ന 'ക്യാറ്റ് ഫിഷിംഗും' കൂടിവരുന്ന പശ്ചാത്തലത്തിൽ കരുതിയിരിക്കണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. പരിചയപ്പെട്ട്, ദിവസങ്ങൾക്കുള്ളിൽ മറക്കാനാകാത്ത വിധം പ്രണയത്തിലാണെന്ന് ധരിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. തങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള രഹസ്യങ്ങളാണെന്ന് തോന്നിപ്പിക്കുന്ന പല കഥകളും പങ്കിടും. ചിലർ വികാരാധീനമായി സംസാരിച്ച് വീഴ്ത്താനും കഴിവുള്ളവരാണ്. വീഡിയോ കോൾ ഒഴിവാക്കി ഫോൺകോളിലൂടെ മാത്രം സംസാരിക്കുന്നവരുമുണ്ട്. വിശ്വാസം നേടിയെന്ന് മനസിലാക്കിയാൽ ലക്ഷ്യത്തിലേക്ക് അടുക്കാൻ തുടങ്ങും. സ്വകാര്യവും വ്യക്തിപരവുമായ ഫോട്ടോകളോ വീഡിയോകളോ ആവശ്യപ്പെടും. ഇത് നൽകിയാൽ പിന്നെ അവരുടെ ഭീഷണികളിലൂടേയോ അല്ലാതേയോ ക്യാറ്റ് ഫിഷിംഗിന് ഇരയാക്കാൻ തുടങ്ങും. ഇത് ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് പണം ആവശ്യപ്പെടാനും ലൈംഗികചൂഷണത്തിനും മുതിരുന്നത്. യൂസർ നെയിം പാസ്‌വേഡ്, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്ന ഫിഷിംഗ് അറ്റാക്കുകളും കൂടിവരികയാണ്.

മറ്റുള്ളവരുടെ വിലാസം വഴി

പലപ്പോഴും മറ്റുള്ളവരുടെ വിലാസവും വ്യക്തിത്വവും ഉപയോഗിച്ചാണ് തട്ടിപ്പുകാർ സോഷ്യൽ മീഡിയ അക്കൗണ്ടുണ്ടാക്കുന്നത്. സംശയം തോന്നാതിരിക്കാൻ പലപ്പോഴും വീടിന്റെ അന്തരീക്ഷത്തിലുള്ള ഫോൺകോളുകളിലൂടെ ബന്ധുക്കളെ പരിചയപെടുത്തും. മറ്റ് സുഹൃത്തുക്കളെ പരിചയപെടുത്തും. ഇരയാകുന്നവരുടെ താല്പര്യം കണ്ടെത്തി അത്തരം കാര്യങ്ങളിലൂടെ സംവദിക്കും. ഇഷ്ടങ്ങൾ ഒന്നാണെന്ന് പറയുമ്പോൾ യുവതീയുവാക്കൾ അറിയാതെ വീട്ടുകാരിൽ നിന്നും കൂട്ടുകാരിൽ നിന്നും അകന്ന് ക്യാറ്റ് ഫിഷിംഗിലേക്ക് അടുക്കും.

ചാറ്റിങ്ങിലൂടെ ചീറ്റിംഗ്

നേരിട്ട് ചോദിച്ചാൽപോലും ചില്ലിക്കാശ് കടം തരാത്തവർ സോഷ്യൽമീഡിയ വഴി അഭ്യർത്ഥിച്ചതോൾ ആയിരങ്ങൾ കടം കൊടുക്കുമോ... ഇത്തരം ഒരു സംശയം പലർക്കുമുണ്ടായിരുന്നു. എന്നാൽ അടുത്തകാലത്തായി കേൾക്കുന്ന പല തട്ടിപ്പ് കേസുകളും ഇതൊക്കെ ശരിവെക്കുന്നതാണ്. ആരുടെയെങ്കിലും വ്യാജ പ്രൊഫൈൽ നിർമ്മിച്ച് അവരുടെ സുത്തൃത്തുക്കളിൽനിന്നും പണം കൈക്കലാക്കുക, ഇതിനൊക്കെ ഒരു വിരുത് വേണം, അത്തരം വിരുതൻമാരുടെ എണ്ണം കൂടിവരുകയാണ്. അത്യാവശ്യമായി കുറേപണം വേണമെന്ന അഭ്യർത്ഥന നടത്തുംമുമ്പ് വിശ്വസിപ്പിക്കുംവിധം സൗഹൃദം നേടിയിരിക്കും. പതിനായിരം ചോദിച്ചാൽ ചിലപ്പോൾ ആയിരമെങ്കിലും കിട്ടുമല്ലോ... അങ്ങനെ പല പ്രൊഫൈലിൽനിന്ന് പലരിൽനിന്നായി പണം ലഭിച്ചാൽത്തന്നെ നല്ലൊരു തുകയല്ലേ.. പോയാൽ ഒരു വാക്ക് കിട്ടിയാലോ....

ഫേസ്ബുക്കിലും മറ്റും വ്യാജ പ്രൊഫൈൽ വഴിയാണോ റിക്വസ്റ്റ് വന്നതെന്ന് അറിയാൻ ചില എളുപ്പവഴികളുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. പുതിയതായി ക്രിയേറ്റ് ചെയ്യുമ്പോൾ വിശ്വാസ്യത വരുത്താൻ പഴയ പോസ്റ്റുകൾ കൂടി കോപ്പിചെയ്യും. അഞ്ചും ആറും ചിലപ്പോൾ അതിലധികമോ വർഷങ്ങൾക്ക് മുമ്പുള്ള പോസ്റ്റുകളും പേസ്റ്റ് ചെയ്യുമ്പോൾ അതൊക്കെ പഴയ ഡേറ്റിൽ വരില്ല. എപ്പോഴാണോ പേസ്റ്റ് ചെയ്തത് ആ ദിവസവും സമയവും രേഖപ്പെടുത്തും. അത് നോക്കി വ്യാജനെ തിരിച്ചറിയാനാകുമെന്നും തട്ടിപ്പുകൾ ഒരു പരിധിവരെ അകറ്റി നിർത്താനാകുമെന്നും വിദഗ്ധർ പറയുന്നു.


എങ്ങനെ തടയാം?

സോഷ്യൽ മീഡിയയിൽ പരസ്പരം അറിയാവുന്ന 'സുഹൃത്തുക്കളെ' മാത്രം സ്വീകരിക്കുക.
സുഹൃത്തുക്കളിലൂടെ പരിചയപ്പെടുന്ന മറ്റുള്ളവരെ സുഹൃത്തുക്കളായി സ്വീകരിക്കാതെ തടയുക.
സോഷ്യൽ മീഡിയ, ഇ മെയിൽ പാസ് വേഡ് ഇടയ്ക്ക് മാറ്റുന്നതോടൊപ്പം ടു ഫാക്ടർ വെരിഫിക്കേഷൻ ചെയ്യുക.
പാസ് വേഡ് ആരുമായും പങ്കുവയ്ക്കാതിരിക്കുക, സുഹൃത്ത് ക്യാറ്റ്ഫിഷ് മറ്റ് കോൺടാക്ടുകളിലേക്ക് അറിയിക്കുക.
ക്യാറ്റ് ഫിഷർമാരുടെ ഫോൺ നമ്പറും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യുക.