തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പെരിയാർ കടുവാ സങ്കേതത്തിൽ നടത്തിയ തേക്കടി നേച്ചർ ക്യാമ്പ് സമാപിച്ചു. വനംവന്യജീവി വകുപ്പ് പെരിയാർ ഡിവിഷന്റെ സഹകരണത്തോടെ 2 ബാച്ചായി അറുപതോളം യുവതി യുവാക്കൾ ക്യാമ്പിൽ പങ്കാളികളായി. പെരിയാർ കടുവാ സങ്കേതത്തിലെ വനയാത്രയും, തേക്കടി ജലാശയത്തിലെ ബോട്ടിംഗുമാണ് പ്രധാനമായും നടത്തിയത്. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ റ്റി.എസ്. സേവ്യർ ആദ്യ ബാച്ചിലെയും, പെരിയാർ വന്യജീവി സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ പി.ജെ. സുഹൈബ് രണ്ടാമത് ബാച്ചിലെയും പങ്കാളികൾക്കുള്ള സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. ഇടുക്കി യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ പ്രസിഡന്റ് എൻ. രവീന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ആർ. മോഹൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിജു വി. തോമസ് തുടങ്ങിയവർ വനം വകുപ്പ് ജീവനക്കാരോടൊപ്പം ക്യാമ്പിന് നേതൃത്വം നൽകി.