ഇടുക്കി:ദിവസേന നൂറ്റിനാൽപ്പതിലധികം കിലോമീറ്റർ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകേണ്ടതില്ല എന്ന ഗതാഗത വകുപ്പിന്റെ ഉത്തരവ് പിൻവലിച്ച് പെർമിറ്റുകൾ പുതുക്കി നൽകാൻ ഗതാഗത വകുപ്പ് തയ്യാറാകണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള ഈ ഉത്തരവിലൂടെ നിരവധി സ്വകാര്യ ബസുകളുടെ പെർമിറ്റാണ് ജില്ലയിൽ നഷ്ടമായിരിക്കുന്നത്. ജില്ലയെ എറണാകുളം കോട്ടയം പത്തനംതിട്ട ജില്ലകളുമായി ബന്ധിപ്പിച്ചിരുന്ന സർവീസുകളാണ് സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടിയിലൂടെ നഷ്ടമായിരിക്കുന്നത്. അന്യജില്ലകളിൽ പഠിക്കുവാൻ പോകുന്ന വിദ്യാർഥികളെയും ജില്ലയുടെ ഉള്ളിൽ തന്നെ ദൂരസ്ഥലങ്ങളിൽ പഠിക്കുവാൻ പോകുന്ന വിദ്യാർത്ഥികളെയും ഇത് വലിയ വിഷമത്തിലാക്കിയിരിക്കുകയാണ്.ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഗതാഗത മന്ത്രി, വിദ്യാഭ്യാസ വമന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുള്ളതായും കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് പറഞ്ഞു.