തൊടുപുഴ: സി.ഐ.ടി.യു 14-ാം ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ തൊടുപുഴയിൽ നടക്കും. സമ്മേളന നടത്തിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ സെക്രട്ടറി കെ.എസ്. മോഹനൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, ദീപശിഖാ ജാഥ, കൊടിമരജാഥകൾ, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, ഗസൽ സന്ധ്യ എന്നിവ നടക്കും. സമ്മേളനത്തിൽ ജില്ലയിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്താനാവശ്യമായ ചർച്ചയും തീരുമാനങ്ങളും സമ്മേളനത്തിൽ ഉണ്ടാവും. സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ 27ന് വൈകിട്ട് മൂന്നിന് മൂന്നാർ ഹസൻ റാവുത്തർ പാപ്പാമ്മാൾ രക്തസാക്ഷി മണഡപത്തിൽനിന്ന് ആരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി ഉദ്ഘാടനം ചെയ്യും. ജില്ലാ ട്രഷറർ കെ.വി. ശശിയാണ് ക്യാപ്ടൻ. 28ന് രാവിലെ ഒമ്പതിന് പതാക ജാഥ പീരുമേട് കെ.ഐ. രാജന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് ജില്ലാ സെക്രട്ടറി പി.എസ്. രാജൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് ആർ. തിലകനാണ് ക്യാപ്ടൻ. ദീപശിഖാ റിലേ 28ന് രാവിലെ ഒമ്പതിന് ശാന്തമ്പാറ മുക്കുടി കാമരാജ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആംരംഭിക്കും. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വൈസ് പ്രസിഡന്റ് വി.എൻ. മോഹനനാണ് ക്യാപ്ടൻ. ജാഥകൾ 28ന് വൈകിട്ട് ആറിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ എത്തിച്ചേരും. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ സജ്ജമാക്കുന്ന എ.ആർ. നാരായണൻ നഗറിൽ 28ന് വൈകിട്ട് അഞ്ചിന് 'ഭരണഘടനയും ദേശീയതയും" എന്ന വിഷയത്തിൽ സെമിനാർ നടത്തും. സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വിഷയാവതവരണം നടത്തും. 29ന് രാവിലെ 10.30ന് ഷെറോൺ കൾച്ചറൽ സെന്ററിൽ നടക്കുന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. കെ.കെ. ദിവാകരൻ, കെ.കെ. ജയചന്ദ്രൻ, കെ.പി. മേരി, കെ.എസ്. സുനിൽ കുമാർ എന്നിവർ പങ്കെടുക്കും. 30ന് പ്രതിനിധി സമ്മേളനം തുടരും. വൈകിട്ട് നാലിന് പ്രകടനം മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിക്കും. അഞ്ചിന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ പൊതുസമ്മേളനവും തുടർന്ന് ഗസൽ സന്ധ്യയും അരങ്ങേറും. വാർത്താസമ്മേളനത്തിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി, സ്വാഗതസംഘം ജനറൽ കൺവീനർ ടി.ആർ. സോമൻ, ചെയർമാൻ മുഹമ്മദ് ഫൈസൽ, സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം കെ.വി. ജോയി എന്നിവരും പങ്കെടുത്തു.