മൂന്നാർ: ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിൽ കമ്മീഷൻ അംഗം ഷാഹിദാ കമാൽ, വനിതാ കമ്മീഷൻ സി ഐ ജോസ് കുര്യൻ, അഡ്വ. മായ രാജേഷ് എന്നിവർ സിറ്റിംഗിൽ പങ്കെടുത്തു. മൂന്നാറിലും സമീപമേഖലകളിൽ നിന്നുമായി കമ്മീഷന് ലഭിച്ച 38 പരാതികളാണ് ചൊവ്വാഴ്ച്ച നടത്തിയ സിറ്റിംഗിൽ പരിഗണിച്ചത്. ഇതിൽ 13 കേസുകൾ അവസാനിപ്പിച്ചു. 3 കേസുകൾ റിപ്പോർട്ടിന് വിടുകയും ശേഷിച്ച കേസുകൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് ബെഞ്ചുകളായിരുന്നു കേസുകൾ പരിഗണിച്ചത്.വസ്തു തർക്കം സംബന്ധിച്ചുണ്ടായ കേസുകൾ ഇത്തവണത്തെ സിറ്റിംഗിൽ കൂടുതൽ ഉണ്ടായിരുന്നതായി വനിതാകമ്മീഷൻ അംഗം ഷാഹിദാ കമാൽ പറഞ്ഞു. കമ്മീഷന്റെ പ്രവർത്തനങ്ങളും സിറ്റിംഗ് രീതികളും നേരിൽ കണ്ട് മനസ്സിലാക്കാൻ അൽഅസർ ലോ കോളേജിലെ വിദ്യാർത്ഥികൾ മൂന്നാറിലെ സിറ്റിംഗ് കേന്ദ്രത്തിൽ എത്തിയിരുന്നു.