മുട്ടം: ഇന്ധനം നിറക്കാൻ പമ്പിൽ എത്തിയ ഓംനി കാറിൽ തീപിടിച്ചു.. തിങ്കളാഴ്ച്ച രാവിലെ 9.15 മണിയോടെ മുട്ടം പെട്രോൾ പമ്പിലാണ് ജനങ്ങളെ മുൾമുനയിലാക്കിയ സംഭവം നടന്നത്.എള്ളുമ്പുറം സ്വദേശി ഓടിച്ചിരുന്ന ഓംനി കാർ ഇന്ധനം നിറക്കാൻ പമ്പിൽ എത്തിയപ്പോൾ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് കാർ പമ്പിന്റെ വശം ചേർന്ന് ഒതുക്കി നിർത്തിയതിന് ശേഷം ഡ്രൈവർ പുറത്തിറങ്ങാൻ ശ്രമിക്കവേ കാറിൽ നിന്ന് പുക ഉയർന്നു.എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഡ്രൈവർ കാറിന് ചുറ്റിലും വീക്ഷിച്ചു.പുക ശക്തമായതോടെ ഡ്രൈവർ രക്ഷാമാർഗത്തിന് വേണ്ടി പമ്പിലെ ജീവനക്കാരുടെ അടുത്തേക്ക് ഓടി.ജീവനക്കാരായ അഭിലാഷ്, മനു, ഹാരീസ്,സലീന,ബിന്ദു എന്നിവർ ഫയർ സേഫ്റ്റി ഉപകരണങ്ങളുമായി എത്തിയപ്പോഴേക്കും കാറിന്റെ ചുറ്റിലും തീ വ്യാപിച്ചിരുന്നു.ജീവനക്കാർ തീവ്രമായി ശ്രമിച്ചെങ്കിലും തീ അണക്കാൻ കഴിഞ്ഞില്ല.ഇതേ തുടർന്ന് തിടുക്കത്തിൽ കാർ നൂട്ടറിലാക്കി റോഡിലേക്ക് തള്ളി ഇറക്കി.ഈ സമയം തീ കൂടുതൽ ആളിക്കത്താൻ തുടങ്ങിയിരുന്നു.സ്ഥലത്ത് എത്തിയ മുട്ടം എ എസ് ഐ ജമാലും സമീപ വാസിയായ താന്നിക്കൽ ബിനുവും ചേർന്ന് ബിനുവിന്റെ വീട്ടിൽ നിന്ന് വെള്ളം കോരി ഒഴിച്ചെങ്കിലും കാർ ഭാഗികമായി കത്തി നശിച്ചു.വിവരം അറഞ്ഞ് മുട്ടം എസ് ഐ പി കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസും തൊടുപുഴ,മൂലമറ്റം എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.പമ്പിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്.

ജീവനക്കാരുടെ ആത്മധൈര്യം

പമ്പിലെ ജീവനക്കാരായ അഭിലാഷ്, മനു, ഹാരീസ്, സലീന, ബിന്ദു എന്നിവരുടെ ആത്മധൈര്യത്തോടെയുള്ള ഇടപെടലിനെ തുടർന്നാണ് പമ്പിലെ വൻ ദുരന്തം ഒഴിവായത്.ഇന്ധനം നിറക്കുന്നതിന്റെ 50 മീറ്ററോളം അകലത്തിലാണ് ഓംനി കാറിൽ തീ പിടിച്ചത്.കാറിന്റെ ഇന്ധന ടാങ്കിലേക്ക് തീ പടർന്നിരുന്നെങ്കിൽ കൂടുതൽ തീവ്രമായി ആളിപ്പടരാനും പൊട്ടിത്തെറിക്കാനുള്ള സാഹചര്യവുണ്ടായിരുന്നു.ഇതൊന്നും വക വെക്കാതെയാണ് പമ്പിലെ ജീവനക്കാർ അവരോചിതമായി പ്രവർത്തിച്ചതെന്ന് സമീപത്തുള്ള വീട്ടുകാരും പറയുന്നു.