pettikada

കുളമാവ്: ഡാമിനു സമീപം ഉണ്ടായിരുന്ന 5 പെട്ടിക്കടകൾ കെഎസ്ഇബിയും റവന്യൂ വകുപ്പും ചേർന്ന് പൊളിച്ചുനീക്കി.ഇതോടെ ഇവിടെ എത്തിയ വിനോദസഞ്ചാരികൾ ദുരിതത്തിലായി. കെഎസ്ഇബി ഡാം സേഫ്ടിയുടെ ആവശ്യപ്രകാരമാണ് ഇത് പൊളിച്ചുമാറ്റുന്നതെന്ന് ഇടുക്കി തഹസീൽദാർ ജെയ്‌സ് ചെറിയാനും എൽ.എ തഹസീൽദാർ മിനി.കെ.ജോണും പറഞ്ഞു. പതിറ്റാണ്ടുകളായി ഇവിടെ പെട്ടിക്കട നടത്തിയിരുന്ന സ്ഥാപനങ്ങൾ വിനോദ സഞ്ചാരികൾക്ക് ഒരാശ്വാസമായിരുന്നു.5 കടകളാണ് പൊളിച്ചുനീക്കിയത്.കളക്ടറുടെ ഉത്തരവ് പ്രകാരം റവന്യു വകുപ്പാണ് കടകൾ പൊളിച്ച് മാറ്റിയതെന്നാണ് ഡാം സേഫ്ടിഎക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശിവരാജൻ പറയുന്നത്.


അഞ്ച് കുടുബങ്ങൾ ഇതോടെ പട്ടിണിയിലായി.മറ്റ് തൊഴിലുകൾ ഒന്നും ചെയ്യാൻ പറ്റാത്ത രോഗികളും പ്രായമായവരുമാണ് കട നടത്തിയിരുന്നത്. കുളമാവ് പൊലീസിന്റെ സഹായത്തോടെയാണ് കടകൾ പൊളിച്ച് മാറ്റിയത്. ഇടുക്കി ഭാഗത്തേക്ക് എത്തുന്ന വിനോദസഞ്ചാരികൾ ഇടത്താവളമായി ഇവിടെ വിശ്രമിക്കാൻ ഇറങ്ങുന്നത് പതിവാണ്. പ്രദേശത്ത് ഒരു കടപോലും ഇല്ലാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കുളമാവ് ഡാം സ്ഥിതി ചെയ്യുന്ന ഭാഗത്തു നിന്നും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ മാത്രമേ മറ്റ് കടകൾ ഉള്ളൂ. ഇവിടെ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.