തൊടുപുഴ: മൂന്നാറിൽ കാഴ്ചയും മധുരവും ഒരു പോലെ പകരാൻ സ്‌ട്രോബറി കൃഷിയും . കാന്തല്ലൂർ, വട്ടവട പഞ്ചായത്തുകളിലാണ് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്‌ട്രോബറി വസന്തം ഒരുക്കുന്നത്. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി.
മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്‌ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. നിലമൊരുക്കി ബെഡുകളെടുത്ത് ഇതിൽ വിദേശയിനം നടീൽ വസ്തുക്കൾ ഉപയോഗിച്ചാണ് കൃഷി. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും നൽകുന്നു. 31 ഹെക്ടറിലധികം സ്ഥലത്താണ് ഇപ്പോൾ കൃഷി ആരംഭിച്ചിരിക്കുന്നത്. സ്‌ട്രോബറിയുടെ സാധ്യതകളറിഞ്ഞ് ധാരാളം കർഷകർ ഈ രംഗത്തേക്ക് വരുന്നുണ്ട്. ജില്ലക്ക് പുറത്തുനിന്നും സ്‌ട്രോബറിയുടെ കാർഷികവ്യാപാര സാധ്യതകൾ തേടി ആളുകൾ എത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടർ എബ്രഹാം സെബാസ്റ്റ്യൻ പറഞ്ഞു.