തൊടുപുഴ: ക്ഷീരവികസന വകുപ്പിന്റേയും, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെയും, തൊടുപുഴ ക്ഷീരവികസന യൂണിറ്റ് ക്ഷീര സഹകരണ സംഘങ്ങളുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന്നടക്കുന്ന ക്ഷീര കർഷക സംഗമം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. ക്ഷീര വികസന വകുപ്പിന്റെ വാർഷിക പദ്ധതിയായ കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ചടങ്ങിൽ നടക്കും. പുറപ്പുഴ പുതുച്ചിറക്കാവ് ദേവി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പി.ജെ. ജോസഫ് എം. എൽ എ അദ്ധ്യക്ഷത വഹിക്കും.
ക്ഷീരകർഷക സംഗമം, ക്ഷീരകർഷക സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ, ഡയറി എക്‌സ്‌പോ എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ഉല്പാദനക്ഷമതയും ഗുണമേന്മയുമുള്ള ഉരുക്കളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ഷീര വികസന വകുപ്പ് കന്നുകുട്ടി ദത്തെടുക്കൽ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കന്നുകുട്ടികൾക്കു ജനിച്ച് ഒന്നാം ദിവസം മുതൽ 90 ദിവസത്തേക്ക് കാഫ് സ്റ്റാർട്ടറും മിൽക്ക് റീപ്ലേസറും സബ്‌സിഡി നിരക്കിൽ നൽകും.
ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ, സഹകാരികൾ, ക്ഷീര കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.