തിരുവനന്തപുരം :ഇടുക്കി ജില്ലയിലെ ദീർഘ ദൂര സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഗതാഗത സൗകര്യം കുറവുള്ള ഇടുക്കിയിലെ മലയോരമേഖലകളിലേക്ക് ദീർഘ ദൂര സർവീസ് കൂടുതൽ നടത്തുന്നത് സ്വകാര്യ ബസുകളെന്നും ഇവയുടെ പെർമിറ്റ് പുതുക്കി നല്കാത്തത് യാത്ര പ്രതിസന്ധി സൃഷ്ടിച്ചിരിക്കികയാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ ഗതാഗത മന്ത്രിയെ ബോധ്യപ്പെടുത്തിയതിനെത്തുടർന്നാണ് ഗതാഗത മന്ത്രി ഇക്കാര്യം അറിയിച്ചത്. 140 കിലോമീറ്ററിലധികം വരുന്ന ബസ് സർവ്വീസുകൾ കെ.എസ്.ആർ.ടി.സി ക്ക് നൽകണമെന്ന കേസിൽ ഹൈക്കോടതി വിധി കെ.എസ്.ആർടി.സി ക്ക് അനുകൂലമായതോടെ മോട്ടോർവാഹന വകുപ്പ് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകാനാവില്ലെന്ന നിലപാടിലാണ്. മലയോര മേഖലയിലെ സാധാരണ ജനങ്ങൾ ഏറെ ആശ്രയിച്ചുവരുന്നത് സ്വകാര്യ ബസുകളെയാണ്. വട്ടവടയുൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് സർവ്വീസ് നടത്തിയിരുന്നത് സ്വകാര്യ ബസുകളാണ്. ഇവിടെ ഇപ്പോൾ ആശ്രയം ട്രിപ്പ് ജീപ്പുകളാണ്. ജില്ലയിലെ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി എറണാകുളം, കോട്ടയം ജില്ലകളെയാണ് ആശ്രയിച്ചുവരുന്നത് വിദ്യാർത്ഥികൾക്കും യാത്രാക്ലേശം വന്നതായും ഇക്കാര്യങ്ങൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ പ്രത്യേക ഇളവ് അനുവദിച്ച് നൽകാമെന്ന് ഗതാഗത മന്ത്രി പറഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.