തൊടുപുഴ: അഖില തിരുവിതാംകൂർ മലഅരയ മഹാസഭ സ്ഥാപകാചാര്യൻ രാമൻ മേട്ടൂരിന്റെ 103-ാം ജന്മദിനാഘോഷം നാളെ തൊടുപുഴ മർച്ചന്റ്‌സ് ട്രസ്റ്റ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഏഴിന് പൂമാല സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ദീപ ശിഖാ പ്രയാണവും നടക്കും. ഒമ്പതിന് തെനംകുന്ന് ബൈപ്പാസിൽ നിന്ന് ഘോഷയാത്ര,​ 10.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി വിദ്യാഭ്യാസ അവാർഡ് വിതരണവും പി.ജെ. ജോസഫ് എം.എൽ.എ വിദ്യാർത്ഥികൾക്ക് ധനസഹായവിതരണവും നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, പി.എസ്‌.സി അംഗം പി.കെ. വിജയകുമാർ, പട്ടികജാതി പട്ടിക വർഗ ഗോത്ര കമ്മിഷൻ അംഗം സൗമ്യ സോമൻ എന്നിവർ പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ കെ.ബി. ശങ്കരൻ, എം.ഐ. വിജയൻ, കെ.കെ. സോമൻ, എം.ഐ. സുകുമാരൻ, പി. പുഷ്പരാജൻ എന്നിവർ പങ്കെടുത്തു.