മറയൂർ: മറയൂർ കാന്തല്ലൂർ മേഖലയിൽ അടച്ചിട്ട വീടുകൾ കുത്തിതുറന്ന് സ്വർണ്ണവും പണവും കവർച്ച ചെയതുവന്നിരുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. കാന്തല്ലൂർ കട്ടിയനാട് ഭാഗത്ത് ചെല്ലയുടെ വീട് കുത്തിതുറന്ന് അഞ്ചര പവന്റെ സ്വർണ്ണാഭരണം വീട്ടുകാർ പുറത്ത് പോയ സമയത്ത് വീടിന്റെ പിൻവശത്തെ വാതിൽകുത്തിതുറന്ന് മോഷണം നടത്തിയ കേസിലാണ് രണ്ട് പേർ പിടിയിലായത്. കട്ടിയനാട് സ്വദേശി മണികണ്ഠൻ (19) പ്രായപൂർത്തിയാകാത്ത 14 വയസുകാരനുമാണ് പൊലീസ് പിടിയിലായത്. 21ന് ചെല്ലയയും കുടുംബവും വീട്ടിൽ നിന്നും പുറത്ത് പോയ സമയത്താണ് വീടിന്റെ പിൻഭാഗം കുത്തിതുറന്ന് നാലു സ്വർണ്ണമാലയും ഒരുജോഡി കമ്മലും കവർച്ച ചെയ്തത്. ഇതിൽ മൂന്ന് സ്വർണ്ണമാലയും ഒരു കമ്മലും പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തു. മണികണ്ഠന്റെ വീട്ടിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് പൊലീസ് സ്വർണ്ണാഭരണങ്ങൾ കണ്ടെടുത്തത്. പിടിയിലാകാനുള്ള മറ്റൊരാളുടെ കൈയിലാണ് ബാക്കി സർണ്ണാഭരണങ്ങൾ എന്ന് പിടിയിലായ പ്രതികൾ പറഞ്ഞു. മറയൂർ മേഖല കേന്ദ്രീകരിച്ച് സമീപകാലത്ത് സമാന രീതിയിലുള്ള നാല് മോഷണങ്ങളാണ് നടന്നത്. ഇതിനെ തുടർന്ന് പൊലീസ് ശക്തമായ നിരീക്ഷണം നടത്തിവന്നതിനാൽ പ്രതികൾക്ക് സ്വർണ്ണം വിൽക്കാൻ സാധിച്ചില്ല.
കോടതിയിൽ നിന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മറ്റ് മോഷണങ്ങളുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുമെന്ന് ഇൻസ്‌പെക്ടർ ഓഫ് പൊലീസ് പി.ടി. ബിജോയ് പറഞ്ഞു. എസ്.ഐ അശോക് കുമാർ, എ.എസ്.ഐ ബോബി,​ സിവിൽ പൊലീസ് ഓഫീസർ എസ്.എൻ. സന്തോഷ്, ശ്രീദീപ്, ജനീഷ്, എൻ.എസ്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്‌.