ഇടുക്കി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവ്വെ പദ്ധതി 'എന്റെ ഭൂമി' യുടെ ജില്ലാതല ഉദ്ഘാടനം നവംബർ ഒന്നിന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 ന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ ഡിജിറ്റൽ റീസർവ്വേയിലൂടെ ഭൂവുടമകൾക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകൾ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ലഭ്യമാകുന്നത്.
ജില്ലയിൽ വാത്തിക്കുടി, ഇടുക്കി, പെരുവന്താനം, മഞ്ചുമല, പെരിയാർ, ബൈസൺവാലി, ശാന്തൻപാറ, രാജാക്കാട്, ചിന്നക്കനാൽ, ചതുരംഗപ്പാറ, കൽക്കൂന്തൽ, ഇരട്ടയാർ, കരുണാപുരം എന്നീ 13 വില്ലേജുകളാണ് ആദ്യഘട്ട ഡിജിറ്റൽ സർവ്വെയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇടുക്കി താലൂക്കിലെ വാത്തിക്കുടി വില്ലേജിലാണ് ആദ്യഘട്ട സർവ്വെ നടപടികൾ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായുള്ള ബോധവത്ക്കരണ പരിപാടികൾക്ക് (സർവ്വെസഭ) ജില്ലയിൽ ഒക്ടോബർ 12 ന് ആരംഭിച്ചു. ഇരട്ടയാർ വില്ലേജിലാണ് ആദ്യഘട്ട ബോധവത്ക്കരണ പരിപാടികൾ നടത്തിയത്. 30 വരെ സർവ്വെസഭകൾ ചേരും.
ഡ്രോൺ, ജി.പി.എസ്, ആർ.ടി.കെ, ടോട്ടൽ സ്റ്റേഷൻ എന്നിങ്ങനെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് റീസർവ്വെ ജോലികൾ നടത്തുവാൻ തീരുമാനിച്ചിട്ടുളളത്. ഇടുക്കി ജില്ലയിൽ മൂന്നാറിലും പാമ്പാടുംപാറയിലുമാണ് കോര്‍സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്.