മൂന്നാർ: തന്നെ വ്യക്തിഹത്യ നടത്തുന്ന മുൻ മന്ത്രി എം.എം. മണിക്കും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി. ശശിക്കുമെതിരെ സി.പി.എം നേതൃത്വത്തിന് പരാതി നൽകുമെന്ന് ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എം.എം. മണിയുടെ പരസ്യ പ്രസ്താവനകൾ ഭീഷണിയാണ്. സി.പി.ഐയടക്കമുള്ള പാർട്ടികളുടെ ക്ഷണമുണ്ടെന്നും തന്റെ പരാതിയിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടറിഞ്ഞ ശേഷമാകും പാർട്ടി വിടുന്ന കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും രാജേന്ദ്രൻ പറഞ്ഞു. കെ.വി. ശശി പ്രസിഡന്റായ മൂന്നാർ സർവീസ് സഹകരണ ബാങ്ക് ഹൈഡൽ പാർക്കിൽ നിക്ഷേപം നടത്തിയതിലും റിസോർട്ട് വാങ്ങിയതിലും ക്രമക്കേടുള്ളതായി ആക്ഷേപമുണ്ട്. സംസ്ഥാന നേതൃത്വത്തിന് നൽകുന്ന പരാതിയിൽ ഇക്കാര്യങ്ങൾ കൂടി ഉന്നയിക്കും. തനിക്ക് പാർട്ടിയുമായി ശത്രുതയില്ല. പാർട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.