op

രാജാക്കാട്: പേര് കമ്യൂണിറ്റി ഹെൽത്ത് സെന്റർ എന്നാണെങ്കിലും രാജാക്കാട് സി.എച്ച്.സി യിൽ ഒരു
പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കാവശ്യമായ ജീവനക്കാർ പോലുമില്ല.നാഷണൽ ഹെൽത്ത് മിഷന്റെതടക്കം 3 ഡോക്ടർമാരുടെ
സേവനം ലഭിച്ചിരുന്ന ഇവിടെ ബുധനാഴ്ച ഒരു ഡോക്ടറുടെ സേവനമാണ് ഉണ്ടായിരുന്നത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെയ്പ്പ് അടക്കം നടത്തേണ്ടുന്ന ദിവസം ഡോക്ടറുടെ സേവനം വളരെഅത്യാവശ്യമുളളപ്പോഴാണ്
രോഗികൾ കാത്തിരുന്നു വലഞ്ഞത്. ദിവസേന 200 ന് മുകളിൽ രോഗികളാണ് ഒ.പി ചീട്ട് എടുക്കുന്നത്. രണ്ടാഴ്ച മുമ്പ് നിലവിലുണ്ടായിരുന്ന മെഡിക്കൽ ഓഫീസർ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് സ്ഥലം മാറി പോയതിനെ തുടർന്ന് കൊന്നത്തടി മെഡിക്കൽ ഓഫീസർക്കാണ് ഇവിടെ ചാർജ്ജ് നൽകിയിരിക്കുന്നത്.അദ്ദേഹത്തിന് മറ്റൊരു ആശുപത്രിയുടെ ചുമതല കൂടിയുണ്ട്. അതുകൊണ്ട് എല്ലാ ദിവസങ്ങളിലും ആരോഗ്യേ കേന്ദ്രത്തിൽ സ്വാഭാവികമായും എത്താൻ സാധിക്കില്ല.

30 ബെഡുകളും,അനുബന്ധ കെട്ടിടങ്ങളും സൗകര്യങ്ങളുമെല്ലാമുള്ള ആരോഗ്യ കേന്ദ്രത്തിൽ മുൻപുണ്ടായിരുന്ന കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാർക്ക് പറയാനുള്ളത്.ഈ ആവശ്യം ഉന്നയിച്ച് രാജാക്കാട് വികസന കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തുന്നതിനുള്ള ആലോചനകളും തുടങ്ങിയിട്ടുണ്ട്.


ഭീമഹർജിയും

ഫലംകണ്ടില്ല

ഡോക്ടർമാരേയും സ്റ്റാഫ് നഴ്‌സുമാരേയും, മറ്റു ജീവനക്കാരേയും നിയമിച്ച് കിടത്തി ചികിത്സക്ക് സൗകര്യമൊരുക്കണമെന്നും കാട്ടി 2019 ൽ എം.എം മണി മന്ത്രിയായിരുന്ന സമയത്ത് തിരുവനന്തപുരത്ത് എത്തി രാജാക്കാട് വികസന കൂട്ടായ്മയുടെ പേരിൽ പതിനായിരം പേർ ഒപ്പിട്ട ഭീമ ഹർജി നൽകുകയും എത്രയും വേഗം പ്രശ്‌നപരിഹാരമുണ്ടാക്കാമെന്ന് ആരോഗ്യ മന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നതാണ്. വർഷം 2 കഴിഞ്ഞിട്ടും ഹൈറേഞ്ചിലെ ജനങ്ങൾക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കാൻ വേണ്ട ഒരു സൗകര്യവും ഒരുക്കിയില്ല.