
അടിമാലി: എസ്റ്റേറ്റിൽ ജോലിയ്ക്കിടെ കാട്ടാനയെക്കണ്ട് ഭയന്നോടുന്നതിനിടെ പാറക്കെട്ടിൽ വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ആനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കുമേറ്റു. മദ്ധ്യപ്രദേശ് സ്വദേശി സുദർശനനാണ് (27) മരിച്ചത്. ഇന്നലെ രാവിലെ പീച്ചാട് സ്വകാര്യ ഏലത്തോട്ടത്തിലായിരുന്നു സംഭവം. കാട്ടാന ശല്യം രൂക്ഷമായ എസ്റ്റേറ്റിൽ വേലി നിർമ്മാണ ജോലി നടക്കുന്നതിടെ കാട്ടാന മുന്നിലെത്തുകയായിരുന്നു. ഇതോടെ തൊഴിലാളികൾ ചിതറിയോടി. സുദർശനനെ കാണാതെ വന്നതോടെ തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് പാറയിടുക്കിൽ വീണ് കിടക്കുന്ന നിലയിൽ കണ്ടത്. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇരട്ടയാർ സ്വദേശി ബെർണബാസിനെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.