കാഞ്ഞാർ:കുടയത്തൂർ പഞ്ചായത്ത് നടപ്പിലാക്കുന്ന ലൈഫ് മിഷന്റെ ഭാഗമായിട്ടുള്ള ഫ്‌ളാറ്റ് നിർമ്മാണം സ്തംഭനത്തിൽ.വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നുള്ള സർക്കാർ നിർദേശമാണ് പദ്ധതിക്ക് വിലങ്ങ് തടിയാകുന്നത്.പദ്ധതിക്ക് വേണ്ടി സർക്കാർ വിഭാവനം ചെയ്ത എം.വി.ഐ.പിയുടെ നിർദിഷ്ട ഭൂമി ജലജീവൻ മിഷൻ പദ്ധതിക്കാകും ഉപയോഗിക്കുക.200ല്പരം ഭവന രഹിതരാണ് കുടയത്തൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലുള്ളത്.ഇതിൽ 82ആളുകൾക്ക് വീടോ സ്വന്തമായി സ്ഥലമോ ഇല്ലാത്തവരാണ്. പഞ്ചായത്തിന് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഭവന രഹിതരുടെ കാര്യത്തിൽ പഞ്ചായത്തിനെ പ്രതിസന്ധിയിലാക്കുകയാണ്.തനത് വരുമാനം കുറവുള്ള പഞ്ചായത്ത് ആയതിനാൽ ഭൂമി വിലക്ക് വാങ്ങാനും പരിമിതികളുണ്ട്.എന്നാൽ സ്വന്തമായി ഭൂമിയുള്ളവർക്ക് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ടത്തിൽ വീട് നിർമിക്കാനാണ് പഞ്ചായത്ത് ഭരണ സമിതിയുടെ തീരുമാനം.