തൊടുപുഴ: വനാതിർത്തികളോട് ചേർന്നുള്ള പ്രദേശങ്ങളിൽ വനൃമൃഗശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ യാതൊരു സുരക്ഷാ നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തുമെന്ന് മലഅരയ മഹാസഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടിന് രാവിലെ 10ന് കുറ്റിക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തുന്ന മാർച്ച് സഭാ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. സജീവ് ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ കോട്ടയം ജില്ലയിലെ കോയിക്കക്കാവ്, വണ്ടമ്പതാൽ, മതമ്പ സ്റ്റേഷനുകളിലേക്കും എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ, ഉരുളനതണ്ണി എന്നീ ഫോറസ്റ്റ് സ്റ്റേഷനുകളിലേക്കും മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സഭാ പ്രസിഡന്റ് സി.ആർ. ദിലീപ് കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.എ. രാജൻ, പ്രൊഫ. സുബിൻ വി. അനിരുദ്ധൻ, അജിത അശോകൻ, ഷിബു കുറുമ്പനയ്ക്കൽ എന്നിവർ പങ്കെടുത്തു.