ചെറുതോണി:ജില്ലയിൽ വനംവകുപ്പ് നടത്തിവരുന്ന കാർബൺ ഫണ്ട് വിനിയോഗം സംബന്ധിച്ച് സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിച്ച് ചർച്ച ചെയ്യണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അതുവരെ വനംവകുപ്പ് ഇപ്പോൾ നടത്തിവരുന്ന നടപടികൾ നിർത്തിവയ്ക്കണം. വനാതിർത്തികളോടു ചേർന്നുകിടക്കുന്ന കൃഷിഭൂമി നഷ്ടപരിഹാരം നൽകി ഏറ്റെടുക്കാനെന്ന പേരിൽ കർഷകരെ ആട്ടിപ്പായിക്കാനാണ് വനംവകുപ്പ് ആസൂത്രിതനീക്കം നടത്തുന്നത്. വന്യജീവികൾ കൃഷിയിടങ്ങളിലേക്ക് വ്യാപകമായി ഇറങ്ങുന്നതിന്റെ പിന്നിലും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു.. കഴിഞ്ഞദിവസം ഇരവികുളത്ത്കടുവ സംരക്ഷണ സമിതിയോഗം ചേർന്നതിലും നിഗൂഢ ലക്ഷ്യങ്ങളുണ്ട്. വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് സഹായം നൽകാനെന്ന പേരിൽ മൂന്നാറിൽ എത്തുന്ന വാഹനങ്ങളിൽനിന്ന് സെസ് പിരിക്കാനുള്ള നീക്കം അനുവദിക്കില്ല. കർഷകന്റെ കൈവശഭൂമി തന്ത്രപരമായി ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം ഇടുക്കിയിൽ നടക്കില്ല. കേന്ദ്രം അടിച്ചേൽപ്പിക്കാൻ തയ്യാറാക്കിയ ഗാഡ്ഗിൽ– കസ്തൂരി രംഗൻ കമീഷൻ റിപ്പോർട്ടുകൾ നടപ്പാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിച്ച പാരമ്പര്യമാണ് കുടിയേറ്റ ജനതയ്ക്കുള്ളത്. വനം വകുപ്പിന്റെ ജനവിരുദ്ധ നീക്കത്തിനെതിരെ നവംബർ നാലിന് മുഖ്യമന്ത്രിയേയും റവന്യു, വനംമന്ത്രിമാരെയും നേരിൽക്കാണുന്നതിനും യോഗം തീരുമാനിച്ചു. എൽഡിഎഫ് കൺവീനർ കെ കെ ശിവരാമൻ അദ്ധ്യക്ഷനായി. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, ജോസ് പാലത്തിനാൽ, മറ്റ് കക്ഷിനേതാക്കൾ എന്നിവർ പങ്കെടുത്തു.