തൊടുപുഴ: ശ്രീനാരായണഗുരു അനുശ്ശാസിച്ച മദ്യവർജ്ജന ധർമ്മവും സന്ദേശവും ആചരിക്കുക, പ്രചരിപ്പിക്കുക തുടങ്ങിയ സമുന്നുത ലക്ഷ്യങ്ങളോടെ രൂപം കൊണ്ട ശ്രീനാരായണ ധർമ്മ പരിഷത്തിന്റെയും യുവജന വനിതാ പരിഷത്ത് തുടങ്ങിയ പോഷക സംഘടനകളുടെയും സംയുക്ത പ്രതിനിധി സമ്മേളനം 30ന് തൊടുപുഴ ഐശ്വര്യ റസിഡൻസിൽ നടക്കുമെന്ന് ശ്രീനാരായണ ധർമ്മ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് മലമ്പുഴ അറിയിച്ചു. രാവിലെ 10ന് സംസ്ഥാന ചെയർമാൻ കെ.പി. ഗോപിയുടെ അദ്ധ്യതയിൽ ചേരുന്ന സമ്മേളനം മുൻ എം.എൽ.എ പി.സി. ജോർജ്ജ് ഉദ്ഘാടനം ചെയ്യും. ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണം നടത്തും. സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ എസ്. സുവർണ്ണ കുമാർ , ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ അഡ്വ. പി.എം. മധു, എസ് എൻ.ഡി.പി വനിതാ സംഘം മുൻ കേന്ദ്രസമിതി പ്രസിഡന്റ് പ്രിയംവദ ടീച്ചർ, ഏകതാപരിഷത്ത് സെക്രട്ടറി പവിത്രൻ തില്ലങ്കേരി എന്നിവർ സംസാരിക്കും. പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. മോഹൻ രാജ് നന്ദി പറയും. ഉച്ചകഴിഞ്ഞ് 2.30ന് സംസ്ഥാന ചെയർമാന്റെ അദ്ധ്യക്ഷതയിൽ സംഘടനാ സമ്മേളനംചേരും.