ഇടുക്കി : ജില്ലയിലെ 140 ഓളം ദീർഘ ദൂര ബസ് സർവീസുകൾ നിർത്തലാക്കുന്നതിനുള്ള ഗതാഗത വകുപ്പിന്റെ നീക്കം പ്രതിഷേധാർഹമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ. മലയോര ജില്ലയായ ഇടുക്കിയുടെ ടൂറിസം രംഗത്തും, വ്യവസായ രംഗത്തും, വ്യാപാര രംഗത്തും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന നീക്കമാണ് ഇത്.
ദൂരസ്ഥലങ്ങളിൽ ജോലിയ്ക്ക് പോയി വരുന്ന ഇടുക്കി നിവാസികൾ തങ്ങളുടെ താമസം ഇടുക്കിയിൽ നിന്നും മാറാൻ നിർബന്ധിതരാകും.യാത്രാക്ലഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യമുണ്ടായാൽ ജില്ലയുടെ വികസനകുതിപ്പിനെ അത് സാരമായി ബാധിക്കുകയും ചെയ്യും. ബസ്സുകളുടെ കളർ മാറ്റിയാൽ അപകടങ്ങൾ കുറയും എന്ന തരത്തിലുള്ള മൂഢമായ തീരുമാനങ്ങൾ പോലെ വ്യവസായങ്ങളെ തളർത്താതെ കേരളത്തിലെ വ്യവസായങ്ങൾ സംരക്ഷിക്കും എന്ന നിലപാടുകൾ എടുക്കുന്ന സർക്കാർ തീരുമാനങ്ങൾക്ക് കരുത്ത് പകർന്ന് ബസ് വ്യവസായങ്ങളെയും അത് വഴിയുള്ള ആയിരക്കണക്കിന് വരുന്ന ബസ് തൊഴിലാളികളെയും സംരക്ഷിക്കണമെന്ന് ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബേബി ജോർജ്, വൈസ് പ്രസിഡന്റ് രാജു തരണിയിൽ എന്നിവർ സർക്കാരിനോട് ആവശ്യപ്പെട്ടു.